2018, ഏപ്രിൽ 18, ബുധനാഴ്‌ച

കുറ്റവും ശിക്ഷയും






പണത്തിനു മീതെ കൃഷ്ണ മൃഗവും ചാടില്ല. സിനിമാ നടൻ സൽമാൻ ഖാനെ 5 വർഷം തടവ് ശിക്ഷയ്ക്കു വിധിച്ചു. കൃഷ്ണ മൃഗത്തെ വെടി വച്ച് കൊന്ന കേസിൽ. കൂട്ട് പ്രതികളായ മറ്റു സിനിമാ അഭിനേതാക്കളെ വെറുതെ വിട്ടു. തെളിവില്ല.  കേസിന് ആസ്പദമായ  സംഭവം നടന്നത് 20 വർഷം മുൻപ്.  അതിങ്ങനെ നീണ്ടു നീണ്ടു പോയി. ഏതായാലും ശിക്ഷിച്ചു. ശിക്ഷ വിധിച്ച അടുത്ത ദിവസം ജാമ്യവും കിട്ടി. സൽമാനെതിരെ ഇത് ആദ്യത്തെ കേസ് അല്ല.  1998 ൽ  മാനിനെ വെടി വച്ച് കൊന്ന  മറ്റു രണ്ടു കേസുകൾ ഉണ്ടായിരുന്നു. 1 വർഷവും 5 വർഷവും വീതം ശിക്ഷിച്ച കേസുകൾ. മേൽക്കോടതി കഴിഞ്ഞ വർഷം രണ്ടും വെറുതെ വിട്ടു. രാജസ്ഥാൻ സർക്കാർ അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്.  2002 ൽ   വഴി വക്കിൽ കിടന്നുറങ്ങിയ ഒരാളെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ  ബോംബെ  ഹൈക്കോടതി 2015 ൽ വെറുതെ വിട്ടു.

 അങ്ങിനെ പല കേസുകളും വെറുതെ വിടലുകളും കുറെ നടന്നു. കുറ്റവാളികൾ    പണക്കാരാകുമ്പോൾ തെളിവുകൾ കാണില്ല, സാക്ഷികൾ കാണില്ല, അങ്ങിനെ പലതും സംഭവിക്കും. തെളിവുകൾ നശിപ്പിക്കാൻ അധികാരികൾ കൂട്ട് നിൽക്കും. ഭീഷണിയിലും പണത്തിലും സാക്ഷികൾ കൂറ് മാറും. പക്ഷെ കൃഷ്ണ മൃഗത്തെ വെടി വച്ച കേസിൽ കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചു ബിഷ്‌ണോയി ഗോത്ര വർഗക്കാർ പോരാടിയത് കൊണ്ടാണ് കേസ് ഇവിടം വരെ എത്തിയത്. 

 രാജസ്ഥാനിലെ താർ മരുഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ജീവിക്കുന്ന പരിസ്ഥിതി സ്നേഹി കളായ, പ്രകൃതി സംരക്ഷകരായ ബിഷ്‌ണോയികൾ. മാനിനെ മക്കളെ പോലെ സ്നേഹിക്കുന്നവർ. മാനിനെ സ്വന്തം മുലയൂട്ടുന്നവർ. അവരാണ്  ഈ കേസിൽ ശക്തമായി നില കൊണ്ടത്.  ജാമ്യ ത്തിനെതിരെ അവർ അപ്പീൽ പോയി ക്കഴിഞ്ഞു. ജാമ്യം കിട്ടിയപ്പോൾ കുറെ അനുയായികൾ ആഹ്ലാദിക്കു ന്നത് കണ്ടു. ഇതാണ് ഇന്ത്യയുടെ ശാപം. പാവപ്പട്ടവന്റെ പണം സിനിമയിലൂടെ വാങ്ങി ആർഭാടമായി  ജീവിക്കുന്ന സിനിമാക്കാർ. കൊല്ലും കൊലയും ബലാത്സംഗവും കള്ളും  കഞ്ചാവും എല്ലാ നിയമ ലംഘനങ്ങളും നടത്തുന്നു അവർ. അവരെ പൂജിക്കുന്ന കുറെ വിഡ്ഢികൾ. അതാണ് നമ്മുടെ നിർഭാഗ്യം.

2018, ഏപ്രിൽ 8, ഞായറാഴ്‌ച

കള്ളക്കളി

കരണക്കുറ്റിയ്ക്കു അടി മേടിക്കുക എന്ന് പറയും. ചെവി പൊട്ടിപ്പോകും. ഇതാദ്യത്തേതല്ലാത്തതു കൊണ്ട് പ്രശ്നമില്ല. കേരള സർക്കാരിന് ശീലമായി.  പിണറായി വിജയൻറെ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന് സുപ്രീം കോടതിയിയുടെ രൂക്ഷ വിമർശനവും. പുതുമ യൊന്നുമില്ല. എത്രയെത്ര തിരിച്ചടികൾ, എത്രയെത്ര വിമർശനങ്ങൾ. സെൻ കുമാറിനെ തിരിച്ചെടുക്കേണ്ടി വന്നല്ലോ. അങ്ങിനെ പലതും. ഹൈക്കോടതി ഇപ്പോൾ വിമർശനം നടത്തി മടുത്ത ലക്ഷണമാണ്. എന്നിട്ടും നാണമില്ലാതെ ബില്ല് ഗവർണർക്കു അയച്ചു. ഗവർണർ ആകട്ടെ ബില്ല് withheld എന്ന ഭരണഘടനാ വകുപ്പിൽ പിടിച്ചു വച്ചു. 





വിജയന് സ്നേഹം, ബാലന് സ്നേഹം, ശൈലജയ്ക്കു സ്നേഹം, രമേശന് സ്നേഹം, ഉമ്മന് സ്നേഹം. എല്ലാവർക്കും സ്നേഹം. കരുണയിലെയും കണ്ണൂരിലെയും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളോടാണ് ഇവർക്കെല്ലാ വർക്കും ഇത്രയും സ്നേഹവും വാത്സല്യവും. സ്വന്തം മക്കളോട് ഉള്ള തിനേക്കാൾ സ്നേഹംആണ്  ഈ കുട്ടികളോട്. ഇങ്ങിനെ വേണം ജനപ്രതിനിധി കൾ. സ്നേഹം കൊണ്ട് അവർക്കു ഇരിക്കാൻ വയ്യാതായപ്പോഴാണ് ഓർഡിനൻസ് കൊണ്ട് വന്നത്.  വീണ്ടും സ്നേഹം കൂടിയപ്പോൾ   നിയമസഭയിൽ ബില്ല് കൊണ്ട് വന്നു പാസാക്കി. ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി എന്ന് ചോദിച്ചപ്പോൾ നിയമ മന്ത്രി ബാലൻ പറയുന്നു   'ഓർഡിനൻസിൽ  നിന്നും വ്യത്യസ്തമാണ് ബില്ല്'  എന്ന് .ബില്ല് ഗവർണർ ഒപ്പിടുമോ എന്ന  ചോദ്യത്തിന് ബാലൻ പറയുന്നത്  'ഓർഡിനൻസിൽ നിന്നും വ്യത്യസ്തമല്ല  ബില്ല്'  എന്ന്. എന്ത് പറയണം, എന്താണ്   പറയുന്നത് എന്നൊന്നും അറിയാത്ത അത്ര പരിഭ്രാന്തിയിൽ ആണ് ഈ മന്ത്രിമാ രെല്ലാ വരും.  ബില്ല്  ഇന്നലെ തന്നെ ഗവർണർക്കു അയച്ചു കൊടുത്ത് എന്നാണ് സർക്കാർ പറയുന്നത്. പക്ഷെ ഇന്ന് 7.4.18 നാണ് നിയമ സെക്രട്ടറി ഗവർണർക്കു ബില് കൈമാറിയത്. ഒരു ദിവസം കൂടി കഴിഞ്ഞാൽ ബില്ല് സ്വയം കാലഗതി പ്രാപിക്കും. സർക്കാരിന് വേണ്ടതും അതാണ്. എങ്ങിനെയും നാണക്കേടിൽ നിന്നും രക്ഷപ്പെടുക. ഒന്നുകിൽ ബില്ല് സ്വയം അവസാനിക്കുക, അല്ലെങ്കിൽ ഗവർണർ അനുമതി തിരിച്ചയക്കുക. രണ്ടായാലും സർക്കാരിന് കൈ കഴുകാം. ഒരു ദിവസം കാത്തിരിക്കാം. ഇനി ഇവരെല്ലാം ഈ സ്നേഹം എവിടെ കൊണ്ട് ചൊരിയും എന്നുള്ളതാണ്. അടുത്ത വർഷത്തെ നീറ്റ് പരീക്ഷ വരുന്നുണ്ട്. അപ്പോഴും കിട്ടും സ്നേഹം കാണിക്കാൻ അവസരം.

 സ്വകാര്യ മാനേജ്‌മെന്റുകളുടെ കാര്യം വരുമ്പോൾ ഭരണ പക്ഷവും പ്രതി പക്ഷവും ഒന്ന്. സിപിഎമ്മും കോൺഗ്രസ്സും  ഒന്ന്.  അവർ രണ്ടും  കൂടി ഐക്യത്തോടെ നിയമസഭയിൽ സ്വകാര്യ മെഡിക്കൽ കോളേജിന് അനുകൂല ബിൽ പാസാക്കുകയും ചെയ്തു. ഇതാണ് ഐക്യം. കണ്ണൂർ മെഡിക്കൽ കോളേജും കരുണ മെഡിക്കൽ കോളേജും മെറിറ്റ് അട്ടിമറിച്ചു കോഴപ്പണം വാങ്ങി 2016 -17 ൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് പ്രവേശനം നൽകിയത്.  ഇത് ചട്ട വിരുദ്ധമെന്ന് കണ്ടു ജസ്റ്റീസ് ജെയിംസ് കമ്മിറ്റി റദ്ദാക്കി.  അതിനെതീരെ   സർക്കാർ ഒരു കംപീറ്റന്റ് അതോറിറ്റിയെ നിയോഗിക്കുന്നു.

In his report after considering the applications for admissions, Competent Authority B. Srinivas said, "in the light of the ASC report that the management of Kannur Medical College, Anjarakkandy, had indulged in collection of capitation fee while admitting students to medical discipline during 2016-17, appropriate action may be initiated against the college as mandated in Section 4 (7) of Act 19 of 2006." 





കോഴപ്പണം വാങ്ങിയെന്നു പറഞ്ഞ ഇവരെയാണ്  സർക്കാർ സഹായി ക്കുന്നത്. കോളേജുകളുടെ ഹർജി  ഹൈക്കോടതി തള്ളി..സുപ്രീം കോടതിയും റദ്ദാക്കിയ നടപടി ശരി വച്ചു. അപ്പോഴാണ് എങ്ങിനെയെങ്കിലും ശരിയാക്കി മാനേജമെന്റുകളെ സഹായിക്കാൻ   സർക്കാർ ഓർഡിനൻസ് ഇറക്കിയത്.  ഇന്ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്നു. അതിനെ ഒതുക്കാനാണ് ധൃതിയിൽ നിയമം സഭ പാസ്സാക്കിയത്. ഇവിടെ എല്ലാവരും ഒന്നിക്കുന്നു. കാരണം അവർക്കു സഹായിക്കേണ്ടത്  കോഴപ്പണം വാങ്ങിയ മാനേജ് മെന്റു കളെയാണ്. അവർക്കു നന്ദിയും കടപ്പാടും കാണിക്കേണ്ടത് സ്വകാര്യ മാനേജമെന്റുകളോടാണ്.




2018, ഏപ്രിൽ 4, ബുധനാഴ്‌ച

ഗുരുത്വം.

അമ്മയ്ക്കും അച്ഛനും ഒപ്പം ഗുരുവിനെ ദൈവത്തെ പോലെ കാണുന്ന ഭാരതീയ സംസ്കാരം SFI  എന്ന വിദ്യാർത്ഥി സംഘടനാ ആ സംസ്കാരം കാണിച്ചു തുടങ്ങിയിട്ട് കാലം കുറെയായി.  ഏറ്റവും അവസാനം ഗുരുവിന്  ദക്ഷിണ നൽകിയത് ഇപ്രകാരം ആണ്.    "വിദ്യാർത്ഥി മനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാജ്ഞലികൾ" വിരമിക്കുന്ന കാഞ്ഞങ്ങാട് നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പ ക്ക് SFI നൽകിയ യാത്രയയപ്പ് പോസ്റ്റർ ആണ് ഇത്. 




അക്ഷരങ്ങൾ പഠിപ്പിച്ച, അറിവ് പകർന്നു തന്ന ഗുരുവിന് നൽകിയ ഗുരുപൂജ. ഇത് sfi യുടെ ആദ്യത്തേതല്ല (അവസാനത്തേതും ആയിരിക്കില്ല എന്ന് സംസ്ഥാന പ്രസിഡന്റ് പറയുന്നുണ്ട്). ഡോ. ടി.എൻ. സരസു,  പ്രിൻസപ്പാൾ ഗവ. വിക്റ്റോറിയ കോളേജ് പാലക്കാട് 2016 മാർച്ച് 31 ന് വിരമിക്കുമ്പോൾ SFI ഒരു ശവക്കുഴി തീർത്ത് അതിനു മുകളിൽ റീത്തും വച്ചത് കേരളത്തിലെ ജനം മറന്നു കാണില്ല.  അതിനു മുൻപ് എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു ഗുരുദക്ഷിണ നൽകിയതും നമ്മൾ കണ്ടു.

ഒരു ചാനൽ ചർച്ചയിൽ ഡോ. പുഷ്പ പറഞ്ഞു ഒരു പെൺകുട്ടിയെ കയറി പിടിച്ചതിനു രണ്ടു SFI ക്കാരെ സസ്‌പെൻഡ് ചെയ്തതാണ് വിരോധത്തിന് ഒരു കാരണം എന്ന്. അങ്ങിനെ ഒന്ന് തെളിയിക്കാം എങ്കിൽ അവർ പറയുന്ന എന്ത് പണിയും ചെയ്യാം എന്ന് SFI സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിക്കു കയുണ്ടായി. പ്രിൻസിപ്പാൾ പറഞ്ഞു പെൺ  കുട്ടി എഴുതി കൊടുത്ത  പരാതി, SFI ക്കാർ എഴുതിക്കൊടുത്ത  മാപ്പ് ഇത് രണ്ടും കൈയിലുണ്ടെന്നു. 

 ഗുരുത്വമില്ലായ്മ ഇവരുടെ പാരമ്പര്യമാണ്. മൂത്ത സഖാക്കൾ കാണിക്കുന്നത് അനുകരിക്കുകയല്ലേ കുട്ടി സഖാക്കൾ ചെയ്യുന്നത്. പക്ഷെ  ഈ കുട്ടി സഖാക്കൾ ഒരു കാര്യം മനസ്സിലാക്കണം. ഈ മൂത്ത സഖാക്കളുടെ മക്കളാരും ഇങ്ങിനെ  ഗുരുത്വ ദോഷം കാണിച്ചു നടന്നിട്ടില്ല. അവർ പഠിച്ചു ജോലിയൊക്കെ കിട്ടി. കുട്ടി സഖാക്കൾ ഇങ്ങിനെ അധ്യാപകരെ തെറിയും വിളിച്ചു തേരാ പാരാ നടക്കും. 

2018, ഏപ്രിൽ 1, ഞായറാഴ്‌ച

ഹൃദയ സരസ്സിലെ






ശ്രീകുമാരൻ തമ്പി ക്കു ജെ.സി.ഡാനിയൽ പുരസ്കാരം കിട്ടി. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വേണോ?  അഭിനന്ദനങ്ങൾ അസ്ഥാനത്തല്ലേ? ഈ പുരസ്കാരം പോലെ?  കവി, ഗാനരചയിതാവ്,സംഗീത സംവിധായകൻ, നോവലിസ്റ്റ്, കഥാകാരൻ,  തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ തുടങ്ങി സമസ്ത മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച ഒരു പ്രതിഭ. പത്തോളം കവിതാ സമാഹാരങ്ങൾ, നോവലുകൾ,  270 ചലച്ചിത്രങ്ങളിലായി മൂവായിരം ഗാനങ്ങൾ,  85   തിരക്കഥകൾ, 2 ചലച്ചിത്ര സംഗീത സംവിധാനം.25 സിനിമകളുടെ നിർമാണം, 30 സിനിമകളുടെ സംവിധാനം. സമസ്ത മേഖലകളിലും  വ്യക്തി മുദ്ര പതിപ്പിച്ച ഒരു അതുല്യ പ്രതിഭ. 

 അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നതാണ് സത്യം. ചെറു പ്രായത്തിൽ തന്നെ സിനിമയിലെ പാട്ടെഴുത്തു തുടങ്ങിയത് കൊണ്ട് തിരിച്ചറിയപ്പെടാൻ കാലം എടുത്തു. പിന്നെ പുതു മുഖങ്ങളെ ഉയർത്താനോ അർഹിക്കുന്ന സ്ഥാനം നൽകാനോ മടിക്കുന്ന ഒരു മേഖല ആണല്ലോ സിനിമ. വയലാറും ഭാസ്കരനും ഒക്കെ കോടി കുത്തി വാഴുന്ന കാലം. മനോഹരങ്ങളായ ഗാനങ്ങളുമായാണ് ശ്രീകുമാരൻ തമ്പി എന്ന കവി സിനിമയിൽ രംഗപ്രവേശം ചെയ്തത്. സുഹൃത്ത് വയലാറിനെ ഉപേക്ഷിക്കാൻ മടിച്ച സംഗീത സംവിധായകൻ ദേവരാജൻ അത് കൊണ്ട് മാത്രം തമ്പിയുമായി   യോജിക്കാൻ, അദ്ദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകരാൻ തയ്യാറായില്ല എന്നത് മറ്റൊരു സത്യം. 

അദ്ദേഹം ഞങ്ങളുടെ മാസിക സർഗഭാരതി  2016 ഓണപ്പതിപ്പിന്  നൽകിയ അഭിമുഖത്തിൽ നിന്നും ഉള്ള ചില ഭാഗങ്ങൾ. ഈ സന്ദർഭത്തിൽ പ്രസക്തമാണ്.





"കേരളത്തിനെ സംബന്ധിച്ചിടത്തോളമുള്ള  ഒരു പ്രശ്നം ഇവിടെ ഭരിക്കപ്പെടുന്ന പാർട്ടികളുടെ ആളിന് മാത്രമേ സ്ഥാനം കിട്ടുകയുള്ളൂ...ഞാൻ ഒരു പാർട്ടിയിലും  പെട്ട ആളല്ല....ഞാനിത്രയും കവിതകളെഴുതിയിട്ടും എന്റെ ഒരു കവിത പോലും ഒരു പാഠ പുസ്തകത്തിലും വന്നിട്ടില്ല. കാരണം,  തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ആൾക്കാർ ആയതു കൊണ്ടാണ്. എന്റെ കവിത മോഷ്ട്ടിച്ചെഴുതിയ ഒരാളുടെ കവിത പാഠ പുസ്തകത്തിൽ വന്നിട്ടുണ്ട്. ... എന്നെ ആരും കയറ്റി വിട്ടതല്ല. ഞാൻ കയറി വന്നതാണ്......ഞാൻ എഴുതിയ പല പാട്ടുകളും വയലാർ എഴുതിയ പാട്ടുകളായിട്ടാണ് അന്നത്തെ മുഖ്യ ധാര പത്രങ്ങൾ വരെ എഴുതിയത്.ഈ ചെറിയ പയ്യന് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ല എന്നാണു  അവരുടെ വിചാരം. ഞാനെഴുതിയ ആയിരത്തി ഒന്ന് പാട്ടുകളുടെ സമാഹാരമായ ഹൃദയസരസ്സിൽ എന്ന പുസ്തകവുമായി ഓട്ടോഗ്രാഫ് വാങ്ങാൻ ഓട്രാൾ വന്നു. അയാൾ പറഞ്ഞത് ഏതിൽ കുറച്ചു പാട്ടു വയലാറിന്റേതാണ് സാറേ എന്നാണ്. എന്റെ പുസ്തകത്തിൽ വയലാറിന്റെ പാട്ടുകളോ? ഈ കാലത്തും എന്റെ പല പാട്ടുകളും വയലാറിന്റെ പാട്ടുകളാണെന്നു വിശ്വസിച്ചു നടക്കുന്നവരുമുണ്ട്. .."

" എനിക്ക് കവിത പ്രാർത്ഥനയാണ്. എന്റെ ഓരോ കവിതകളും എന്റെ ഓരോ പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കുന്ന അതേ വികാരത്തോടെയാണ് ഞാൻ കവിത എഴുതുന്നത്.എന്റെ രചനാ മേളയെന്നത് എന്റെ പ്രാർത്ഥനാ മേളയാണ്.............. ഞാനൊരു കർമ യോഗിയാണ്. 76 വയസ്സ് കഴിഞ്ഞിട്ടും ഞാനെന്റെ ജോലി തുടർന്നു കൊണ്ടേയിരിക്കുന്നു."

അതെ. അർഹിക്കുന്ന പ്രശസ്തിയും അംഗീകാരവും പുരസ്കാരവും ലഭിക്കാത്ത  ഒരു  പ്രതിഭ. പക്ഷെ ജന ഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന പാട്ടുകളുടെ രചയിതാവ്.
സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിന് വൈഡൂര്യം
 എന്ന് എഴുതിയത്  പോലെ  
തമ്പിക്ക് എന്തിന് പുരസ്കാരം?