2017, മാർച്ച് 25, ശനിയാഴ്‌ച

വരൾച്ച

സ്വയം അനുഭവിക്കാതെ ഒന്നും മനസിലാക്കില്ല എന്ന മനോഭാവമാണ് മലയാളിയുടെ ശാപം. കാടാകെ കത്തിയെരിയുന്ന, നാടാകെ വരളുന്നു, നദികൾ വറ്റി വരണ്ടു. കിണറുകൾ വറ്റി. കുടിക്കാൻ വെള്ളമില്ലാതെ വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് കേരളം. രൂക്ഷമായ വരൾച്ചയുടെ  ദൃശ്യങ്ങളും വാർത്തകളും കൊണ്ട് മാധ്യമങ്ങൾ നിറയുന്നു. എന്നിട്ടും ''എനിക്കും കുടുംബത്തിനും കുളിക്കാനും നനയ്ക്കാനും കുടിക്കാനും ഉള്ള വെള്ളം കിട്ടുന്നുണ്ട്. പിന്നെ പാലക്കാടും വയനാട്ടിലും നാട്ടിൻപുറങ്ങളിലും ഉള്ള വരളുന്ന കഥകൾ ഞാനെന്തിന് കാണണം? "   ഇതാണ് ഒരു മലയാളിയുടെ മനോഭാവം. 

രാവിലെ നടക്കാനിറങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. ഹോസിലൂടെ മുറ്റവും ചെടിയും സമൃദ്ധമായി നനയ്ക്കുന്ന വീട്ടുകാർ ധാരാളം. ഓരോ തുള്ളിയും അമൃതം ആണെന്ന് കേൾക്കുന്ന അതെ മനുഷ്യരാണ് ഇങ്ങിനെ വെള്ളം പാഴാക്കിക്കളയുന്നത്. ചെടിക്കു ആവശ്യമുള്ളതിലും വളരെ അധികം വെള്ളം ആണ് ഒഴിക്കുന്നത് എന്നത് മറ്റൊരു കാര്യം.വീട്ടിൽ ഉപയോഗിച്ചു കളയുന്ന വെള്ളം കൊണ്ട് ചെടി നനക്കാൻ കഴിയുമ്പോഴാണ് ഇത്തരം ദുർവ്യയം. അരി, പച്ചക്കറി ഒക്കെ കഴുകുന്ന വെള്ളം, സോപ്പ് ഇട്ടു  കഴുകിയതിനു ശേഷം സൂക്ഷിക്കുന്ന  പാത്രങ്ങൾ  ഉപയോഗത്തിന് എടുക്കുമ്പോൾ വീണ്ടും കഴുകുന്ന വെള്ളം ഇതൊക്കെ സംഭരിച്ചു ചെടികൾ നനയ്ക്കാൻ ഉപയോഗിയ്ക്കാം. ഇന്നെല്ലാവരും വാഷിങ് മെഷീൻ ആണല്ലോ ഉപയോഗിക്കുന്നത്. ( ഇത്രയും സൂര്യ പ്രകാശം സുലഭമായിട്ടും 'ഡ്രയർ' കൂടിയുള്ള 'ആട്ടോമാറ്റിക്' വാങ്ങുന്ന വിവരദോഷം ആണ് മലയാളികൾ കാണിക്കുന്നത് എന്നത് മറ്റൊരു കാര്യം)  സോപ്പ് പൊടി പോയതിനു  ശേഷം അവസാനത്തെ രണ്ടു കഴുകൽ പുറത്തെടുത്തു ബക്കറ്റിൽ ആക്കിയാൽ ആ വെള്ളവും ചെടികൾക്ക് ഉപയോഗിക്കാം. അത് സംഭരിക്കാനും ഉപയോഗിക്കാനുമുള്ള മനസ്സ് മതി. അടുക്കളയിൽ നിന്നും ഒരു പ്രത്യേക പൈപ്പ് ഇട്ടാൽ കാര്യം  കുറേക്കൂടി എളുപ്പമായി. ഏതാണ്ട് 60-70  ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ ഓരോ ദിവസവും വീട്ടിൽ നിന്നും കിട്ടുന്നത്. 25 ചട്ടിയിലുള്ള ചെടികൾ, 25  അടി ഫ്‌ളവർ ട്രഫിലെ ചെറു ചെടികൾ വേപ്പ്, മുരിങ്ങ തുടങ്ങി പറമ്പിലെ 5 ചെടികൾ, 10 മൂട് മരച്ചീനി എന്നിവ ഇങ്ങിനെ പാഴാക്കിക്കളയുന്ന വെള്ളം ഉപയോഗിച്ചു നനയ്ക്കുന്ന സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. എയർ കണ്ടീഷനറിൽ നിന്നും വീഴുന്ന വെള്ളം ഒരു ചെടിയ്ക്കു മതിയാകും.. 

നഗരങ്ങൾ ഫ്‌ളാറ്റുകൾ കൊണ്ട് നിറഞ്ഞല്ലോ. ഫ്‌ളാറ്റുകളിൽ മഴ വെള്ള സംഭരണം നിർബന്ധമാക്കണം.  അതോടൊപ്പം വാഷിങ് മെഷീനിലെ ജലം ഫ്ലഷ് ടാങ്കിൽ ഉപയോഗിക്കാനും കഴിയണം. അങ്ങിനെ  പലതും ചെയ്യാൻ കഴിയും.  സാധാരണക്കാർക്ക് മതമല്ല ഈ മിതത്വം വേണ്ടത്. വരേണ്യ വർഗങ്ങളുടെയും  മന്ത്രി മന്ദിരങ്ങളിലെയും ജല ദുർവ്യയവും   അവസാനിപ്പിക്കണം. പണം ധാരാളം ഉണ്ടെങ്കിലും വെള്ളം അതിനു പകരം വെള്ളം മാത്രമല്ലേ ഉള്ളൂ.  അടുത്ത ഒരു മഴ വരെ മാത്രമാണ് നമ്മുടെ പ്രശ്നങ്ങൾ എന്ന് കരുതി ആശ്വസിക്കേണ്ട. ഇതൊരു തുടക്കമാണ്. ഇതിലും രൂക്ഷമായിരിക്കും വരും കാലം. അത് കൊണ്ട് ജലം സംരക്ഷിക്കുക എന്നത് നമ്മുടെ നില നിൽപ്പിനു അത്യന്താപേക്ഷിതമാണ്.

2017, മാർച്ച് 6, തിങ്കളാഴ്‌ച

ദിവ്യ ഗർഭം

പള്ളീലച്ചൻ 16 കാരിയായ  പെൺകുട്ടിയെ ഗർഭിണി ആക്കി. പ്രസവത്തിന് ശേഷം ആരുമറിയാതെ ചോരക്കുഞ്ഞിനെ മാറ്റി, 10 ലക്ഷം രൂപ കൊടുത്തു  പെൺകുട്ടിയുടെ പിതാവിനെ കൊണ്ട് കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുപ്പിച്ച നരാധമൻ ആണ് യേശുവിന്റെ പേരിൽ പ്രാർത്ഥന നടത്തി ക്കൊണ്ടിരുന്ന റോബിൻ വടക്കുംചേരി.   ലണ്ടനിലേക്ക് മുങ്ങാൻ  ആയിരുന്നു നിത്യ പീഡകൻ ആയിരുന്ന അയാളുടെ പ്ലാൻ.പണ്ട്  ബെനഡിക്ട് എന്ന കത്തനാർ മാറിയക്കുട്ടിയെ  പീഡിപ്പിച്ചു കൊലപ്പെടുത്തി. അത് പോലെ പല അച്ചന്മാരും.. അനാശാസ്യ പ്രവർത്തിക്കിടയിൽ പിടിക്കപ്പെട്ട ജോസ്,തോമസ് എന്ന രണ്ടു അച്ചൻമാരും കന്യാസ്ത്രീ സെഫിയും കൂടി  സിസ്റ്റർ അഭയയെ കൊല ചെയ്ത കേസ് അടുത്ത കാലത്തുള്ളത്.

 ഇനിയും മനസ്സിലാകാത്തത് ഈ വിശാസികളെല്ലാം ഇത്തരം അച്ചൻമാരുടെ അടുത്ത് ചെന്ന്കുമ്പസാരിക്കുന്നത് എന്തിനാണ്? ''ഞാനൊരാളെ പീഡിപ്പിച്ചു'' എന്ന് ആരെങ്കിലും  റോബിൻ കത്തനാരുടെ അടുത്ത് കുമ്പസാരിക്കുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ? റോബിൻ ചിരിച്ചു കൊണ്ട് ആത്മഗതം നടത്തും.  "മണ്ടൻ. ഞാൻ എത്ര നാള് കൊണ്ട് നടത്തുന്ന പണിയാ ഇത്. ഇവൻ ഒരെണ്ണം ചെയ്തിട്ട് കുമ്പസരിക്കാൻ വന്നിരിക്കുന്നു.''

 ഈ കത്തനാരന്മാരും മനുഷ്യരാണ്. അവർക്കും വികാരം ഉണ്ടാവുക സ്വാഭാവികം. കല്യാണം കഴിയ്ക്കാൻ പള്ളി സമ്മതിക്കില്ല. അത് കൊണ്ട് അച്ചന്മാർക്കു എളുപ്പ വഴി ഇതാണ്. പള്ളിമേടയിൽ കിട്ടുന്ന പിള്ളാരെ പീഡിപ്പിക്കുക. ഞായറാഴ്ച രാവിലെ ഏറ്റവും ഭംഗിയായി  ഒരുങ്ങിക്കെട്ടി മുന്നിൽ വരുന്ന തരുണീ മണികളെ കാണുമ്പോൾ ഏതു കത്തനാർക്കാ സംയമനം പാലിക്കാൻ കഴിയുക? തലേ ദിവസം കണ്ട പോൺ സൈറ്റിലെ സീനുകൾ മനസ്സിൽ കയറി വരും. പിന്നെ ഇവരിൽ ആരെങ്കിലും ഒരു ഏദൻ തോട്ട "പാപം" കുമ്പസാരിക്കുക കൂടി ചെയ്‌താൽ എന്തായിരിക്കും അയാളുടെ ഗതി?

കർത്താവിൽ വിശ്വസിച്ചോളൂ. പക്ഷേ നേരിട്ട് പ്രാർത്ഥിച്ചു കൂടേ? യേശു അത് കേൾക്കില്ല എന്നുണ്ടോ? വേദ പുസ്തകത്തിൽ അത് പാടില്ല എന്ന് പറയുന്നുണ്ടോ? കുഞ്ഞാടുകളേ, നിങ്ങളാണ് ഈ കത്തനാരന്മാരെ വളർത്തുന്നത്. ബലാത്സംഗം ചെയ്താലും നിങ്ങൾ അവരെ സംരക്ഷിക്കും, ഗർഭമുണ്ടാക്കിയാലും സംരക്ഷിക്കും, കൊലപാതകം ചെയ്താലും സംരക്ഷിക്കും. സംരക്ഷിച്ചോളൂ പുതിയ ദിവ്യ ഗർഭങ്ങൾ ഏറ്റെടുത്തോളൂ. അനുഭവിച്ചോളൂ.

'മകളെ മാപ്പ്' എന്ന് മാർ ആലഞ്ചേരി പറയുന്നുണ്ടെങ്കിലും മനസ്സിലിരുപ്പ് 'എടീ  - മോളെ അച്ചനെ പ്രലോഭിച്ചതിനു നീ മറുപടി പറയേണ്ടി വരും' എന്നാണെന്നു മനസ്സിലാക്കാൻ  സഭയുടെ ലേഖനത്തിൽ വന്ന 'കുട്ടിയാണ് തെറ്റുകാരി' എന്ന നിലപാടു നോക്കിയാൽ മതി. സഭയ്ക്ക് വേണ്ടി പണമുണ്ടാക്കി കൊടുക്കുന്ന അച്ചന്മാരെ അങ്ങിനെയങ്ങു തള്ളിപ്പറയാൻ സഭയ്ക്ക് കഴിയില്ല. അവരെ പിണക്കിയാൽ അവർ വായ തുറക്കും. ആ മാലിന്യം കഴുകിക്കളയാൻ പോപ്പ് മാപ്പ് പറഞ്ഞാലും കഴിയില്ല.

 ഇന്നലത്തെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ, താൻ റോമൻ കാതോലിക്കനാണ് എന്ന് അനൗൺസ് ചെയ്തു കൊണ്ട് സഭയെ പരസ്യമായി  പിന്തുണച്ചു പറയുന്നത് കണ്ടു. ബലാത്സംഗ വീരൻ റോബിൻ നാട് വിടാൻ പോയത്   ബിഷപ്പിന്റെ യൊക്കെ മൗനാനുവാദത്തോടെയല്ല എന്ന് ശക്തിയുക്തം വാദിച്ച ആ മഹാൻ   ഇങ്ങിനെ  ഒരു വൈദികന് വിദേശത്തു പോകാൻ ഇടവകയുടെയോ ബിഷപ്പിന്റെയോ ആരുടേയും അനുവാദം വേണ്ട എന്ന് വരെ പറഞ്ഞു കളഞ്ഞു. സാമ്പത്തികമായും മാനസികമായും സഭ തങ്ങളെ ചൂഷണം ചെയ്യുന്നു എന്നറിഞ്ഞിട്ടും ആ സഭയോട് ഇത്രയും അടിമത്വം കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്തരം  കേസ് അന്വേഷിച്ചാൽ എങ്ങിനെ ഇരിക്കും എന്ന്  ഈ റിട്ടയേർഡ് പോലീസുകാരന്റെ വാക്കുകളിൽ നിന്നും വ്യക്തമാണല്ലോ.