2015, മാർച്ച് 31, ചൊവ്വാഴ്ച

മാതൃഭൂമി

മാണിക്ക് എതിരെ Cr. P C 164 അനുസരിച്ച് ബിജു രമേശ്  കോടതി മുൻപാകെ ഇന്നലെ മൊഴി നൽകി. ഇനി മാറ്റാൻ  കഴിയാത്ത മൊഴി. അതിൽ മദ്യ മന്ത്രി ബാബു വിനു എതിരെയും കൈക്കൂലി വാങ്ങിയതായി മൊഴി നൽകിയിട്ടുണ്ട്. ചാനൽ ആയ ചാനലുകൾ മുഴുവൻ ഇന്നലെ പാതിരാവ് വരെ ചർച്ചകളും ബിജു രമേശു മായുള്ള അഭിമുഖങ്ങളും നടത്തി ക്കൊണ്ടിരുന്നു.

നേരം വെളുത്ത് പത്രം ഒന്ന് നോക്കി. ചാനൽ എന്തൊക്കെ പറഞ്ഞാലും പത്രം വായിക്കുന്നതാണല്ലോ നമ്മുടെ ശീലം. കൂടുതൽ വിവരവും അറിയാം. മാതൃഭൂമി ആണ് പത്രം.  ഒന്നാം പേജിൽ ഇതിനെ പറ്റി ഒന്നുമില്ല. യെമനിൽ അകപ്പെട്ട മലയാളികളുടെ കാര്യമാണ് മുക്കാൽ പേജ് വാർത്ത.






 സാധാരണ മനോരമയുടെ കുത്തക ആണ് ഇത്തരം വാർത്തകൾ.  ഓരോ ദേശത്തും യുദ്ധ സമയത്ത് കഷ്ട്ടപ്പെടുന്ന മലയാളികളുടെ വാർത്ത പൊടിപ്പും തൊങ്ങലും വച്ച് അവർ കാച്ചും. പണ്ട് കുവൈറ്റ് യുദ്ധ സമയത്ത് 5 റിപ്പോർട്ടർ മാർ ആണ് മനോരമയ്ക്ക് വേണ്ടി വാർത്ത നൽകി ക്കൊണ്ടിരുന്നത്. ഇറാഖ് യുദ്ധ ക്കാലത്തും ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു. പിന്നെ മനോരമ എല്ലാം വരച്ചു കാണിക്കും. അമേരിക്ക അന്വേഷിച്ചു നടന്ന സദ്ദാം ഹുസൈൻ എവിടാണെന്ന് മനോരമ പടം വരച്ചു കാണിക്കും. അതാണ്‌ മനോരമ.

മനോരമയ്ക്ക് യുദ്ധം റിപ്പോർട്ട് ചെയ്തേ പറ്റൂ. കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, പത്തനംതിട്ട   എന്നിവിടങ്ങളിൽ നിന്നും ഒരു വീട്ടിൽ നിന്നും ഒരാള് കുറഞ്ഞത്‌ ഗൾഫിലും ഈ യുദ്ധ ഭൂമിയിലും കാണും. അതിൽ 99 ശതമാനവും ക്രിസ്ത്യാനി  പിള്ളേരാ. അപ്പഴ് അത് മനോരമയുടെ ഉത്തരവാദിത്വം ആണല്ലോ. അതാ അച്ചായന്റെ ബുദ്ധി.

ഇന്നത്തെ മാതൃഭൂമി അച്ചായന്റെ അതേ ബുദ്ധി പ്രയോഗിച്ചു. യുദ്ധം കൊടുത്തതും ആയി മാണി-ചാണ്ടിയ്ക്ക് എതിരെ വന്ന വാർത്ത തിരസ്കാരവും ആയി. ആദ്യത്തെ പേജ് നിറയെ യുദ്ധ വാർത്ത. അച്ചായനെക്കാളും വലിയ അച്ചായ ഭക്തി.( മാണി, ചാണ്ടി,  ജോർജ്ജ്) 

പക്ഷേ മനോരമ അച്ചായന്റെ ബുദ്ധിയ്ക്ക് മുൻപിൽ മാതൃഭൂമി വെറും തൃണം (തമിഴ്). മനോരമ മുൻ പേജിൽ തന്നെ അഴിമതി വാർത്ത വെണ്ടക്കയിൽ നൽകി.

ആരോപണ ശരങ്ങൾ  എന്ന തലക്കെട്ടിൽ 



2015, മാർച്ച് 30, തിങ്കളാഴ്‌ച

നഴ്സുമാർ


യുദ്ധം നടക്കുന്ന യെമനിൽ 1500 ഓളം മലയാളികൾ കുടുങ്ങി കിടക്കുകയാണ്






അതിൽ കൂടുതലും നഴ്സുമാരാണ്. ആശുപത്രികളിൽ, പ്രത്യേകിച്ചും യുദ്ധ കാലത്ത്, ഇവരുടെ സേവനം ആവശ്യമായി വരുന്നത് കൊണ്ട് പല ആശുപത്രികളും  ഇവരെ വിടാൻ തയ്യാറല്ല.   പല ആശുപത്രികളും ശരിയായ സമയത്ത് ശമ്പളം നൽകാത്തത് കൊണ്ട് ജോലി കളഞ്ഞു പോന്നാൽ അത് ശമ്പളം നഷ്ട്ടമാകും എന്നതിനാൽ അവിടെ നിൽക്കാൻ നിര്ബ്ബന്ധിതരാകുന്നവർ മറ്റൊരു വശത്ത്.

ജീവിത മാർഗം തേടിയാണ് ഇവർ വിദേശത്ത് പോകുന്നത്. എന്നാൽ ഇവരെ വൻ തോതിൽ ചൂഷണം ചെയ്യുകയാണ് വിദേശത്തുള്ള   ആശുപത്രികൾ. അടുത്ത കാലത്ത്   ഇതു പോലെ യുദ്ധം നടക്കുന്ന ലിബിയയിൽ നിന്നും  തിരിച്ചു വരാൻ  നഴ്സുമാർ പലരും വിമുഖത കാട്ടിയിരുന്നു. ശമ്പളം ആണ് പ്രധാന കാരണം. കിട്ടാത്ത ശമ്പളവും കിട്ടാൻ പോകുന്ന ശമ്പളവും. 

ഇങ്ങിനെ തിരിച്ചു വന്ന നഴ്സുമാർ പലരും യുദ്ധ ത്തിനു ഇടയിലേക്ക് തന്നെ  തിരിച്ചു പോകാൻ തുടങ്ങിയതും സർക്കാർ ഇടപെട്ടു തടഞ്ഞതും നമ്മൾ കണ്ടല്ലോ. യുദ്ധം നടക്കുന്ന സ്ഥലത്തേയ്ക്ക് സ്വന്തം ജീവിതം തന്നെ അപകടത്തിൽ ആക്കി പോകാൻ തയ്യാറാകുന്നത് അവരുടെ സ്ഥിതി വളരെ മോശം ആയതു  ഒന്ന് കൊണ്ട് മാത്രമാണ്.

അതിനിടയിൽ ഇന്നലെ കൊച്ചിയിലെ ഒരു റിക്രൂട്ടിംഗ് ഏജൻസി ഈ പാവം നഴ്സ് മാരുടെ കയ്യിൽ നിന്നും ഓരോ വിസയ്ക്ക് 19 ലക്ഷം വാങ്ങി എന്ന് ഇൻകം റ്റാക്സ് ഡിപ്പാർട്ട്മെന്റ് പറയുന്നു. 19 ആയിരം  രൂപ വാങ്ങാൻ വിദേശ സർക്കാർ പറഞ്ഞിടത്താണ് 19 ലക്ഷം വാങ്ങിയത്. ഇത് അവരെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു രീതി.

ആവശ്യത്തിലേറെ നഴ്സുമാർ ആണ് ഓരോ വർഷവും പഠിച്ചു പുറത്തിറങ്ങുന്നത്. എല്ലാ തുക്കടാ ആശുപത്രിയും നഴ്സിംഗ് കോഴ്സുകൾ നടത്തുന്നു. വലിയ ഫീസ്‌ വാങ്ങി. ഇതിന് നിയമം ഒന്നും ബാധകമല്ല. തോന്നിവാസം പോലെയാണ് കാര്യങ്ങൾ.

ഏതായാലും വിദേശത്ത് അയക്കുന്നതിന് കേരള സർക്കാർ ഏജൻസിയെ മാത്രമായി കേന്ദ്രം അധികാരപ്പെടുത്തിയത് ഒരു നല്ല കാര്യമാണ്. ആ മേഖലയിൽ ഉള്ള  ചൂഷണം അവസാനിക്കും.

എന്നാലും അവരുടെ സേവന വേതന വ്യവസ്ഥകൾ പരിതാപകരം ആയിരിക്കും. അത് പോലെ യുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന കഷ്ട്ടപ്പാടുകളും.  






സൗദിയും ഇറാനും തമ്മിലുള്ള അധികാര പോരാട്ടം ആണ് യെമനിൽ ഇന്ന് നടക്കുന്ന ആഭ്യന്തര യുദ്ധത്തിനു കാരണം.  ഇറാൻ സഹായിക്കുന്ന ഹൌത്തി വിമതർ ക്ക് എതിരെ സൗദി വിമാനാക്രമണം നടത്തുന്നു. അതാണ്‌ ഇപ്പോഴത്തെ കാരണം.


സൗദി വിമാനാക്രമണത്തിനു എതിരെ ഹാനായിൽ  പ്രതിഷേധിയ്ക്കുന്ന ഹൌത്തി വിമതർ 

2015, മാർച്ച് 29, ഞായറാഴ്‌ച

ചാമ്പ്യൻ

സൈന നേവാൾ ലോക നമ്പർ വണ്‍

സൈന നേവാൾ ഇൻഡ്യ ഓപ്പണ്‍ ചാമ്പ്യൻ 





ലോക 8 ആം  നമ്പർ രാച്ചനോക് ഇന്ടാനോനെ 21-16, 21-14  ന് തോൽപ്പിച്ച് ഇൻഡ്യ ഓപ്പണ്‍ നേടുന്ന ആദ്യത്തെ ഭാരതീയൻ.

അഭിനന്ദനങ്ങൾ.

2009 - ആദ്യത്തെ സൂപ്പർ സീരീസ് കിരീടം -ഇന്തോനേഷ്യൻ 
2010 - ലോക നമ്പർ -2  .കോമണ്‍ വെൽത്ത് ഗയിംസ് സ്വർണം -ഡൽഹി 
2012 - ഒളിമ്പിക്സ് ബ്രോണ്‍സ് - ലണ്ടൻ 
2012 - ഡെന്മാർക്ക്‌ ഓപ്പണ്‍ 
2014- ഏഷ്യൻ ഗയിംസ് ബ്രോണ്‍സ് 
2014 - ചൈന ഓപ്പണ്‍ സ്വർണം .

ഇന്നലെ -  ലോക നമ്പർ വണ്‍

ഇന്ന്    -     ഇൻഡ്യ ഓപ്പണ്‍ ചാമ്പ്യൻ 

ഈ വിജയത്തിന് പിറകിൽ ഒരു മലയാളി ടച്ച് ഉണ്ട്.സൈനയുടെ കോച്ച് വിമൽ കുമാർ .അദ്ദേഹത്തിനും അഭിനന്ദനങ്ങൾ.


സെമി ഫൈനലിൽ  ആസ്ട്രേലിയയ്ക്ക്  ടോസ് കിട്ടി അവർ ബാറ്റ്‌ ചെയ്തത്  കൊണ്ട് ഇൻഡ്യ തോറ്റു എന്ന്  നമ്മൾ കാരണം കണ്ടെത്തി.  ഫൈനലിൽ ടോസ് ന്യൂ സീലാണ്ടിന്.അവർ ബാറ്റ് ചെയ്തു.  ജയിച്ചതോ ആസ്ട്രേലിയ. എന്താണു അതിനു ഇന്ത്യാക്കാർ കണ്ടെത്തുന്ന എക്സ്ക്യുസ് ?

കൊഹ് ലിയുടെ കാമുകിയുടെ വരവ്, ധോണിയുടെ കഴിവ് കേട് എന്നിങ്ങിനെ കാരണങ്ങൾ ചർച്ച ചെയ്ത് സ്വന്തം ജീവിതം ഹോമിക്കുന്ന വിഡ്ഢികളായ ഇന്ത്യാക്കാരെ ക്രിക്കറ്റ് ഒന്നു നിർത്തൂ.  സൈനയെ പ്പോലുള്ള  കളിക്കാരെ പ്രോത്സാഹിപ്പിക്കൂ. 


2015, മാർച്ച് 27, വെള്ളിയാഴ്‌ച

ഫയർ & റെസ്ക്യു

ഗവർണറുടെ ബംഗാളാവിൽ  തീ പിടിത്തം? 







തീ പിടിത്തം അല്ല. പുക വരുന്നത് ഫയർ ഫോഴ്സിന്റെ ടാങ്കറിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന്റെയാണ്.  രാജ്ഭവനിൽ ടാങ്കിൽ  വെള്ളം നിറയ്ക്കുകയാണ്  ഫയർ ഫോഴ്സ്. വലതു ഭാഗത്ത്‌  പോലീസ് കാവൽ പ്പുരയോടു  ചേർന്ന് ഇരിക്കുന്നതാണ് ടാങ്ക്.  റോംഗ് സൈഡിൽ പാർക്കിംഗ്.  അത് മറ്റൊരു കാര്യം.   

2015, മാർച്ച് 26, വ്യാഴാഴ്‌ച

ചെയർമാൻ




"അൽപ്പൻ അർധരാത്രിക്ക് കുട പിടിക്കും" എന്ന് പറഞ്ഞതു രാജ് മോഹൻ ഉണ്ണിത്താനെ ഉദ്ദേശിച്ചാണോ എന്ന് സംശയം തോന്നും. രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങ് പോലെ എന്തോ വലിയ സംഭവം ആണ്   ഫിലിം ഡെവലപ്പ്മെൻറ് കോർപറേഷൻ എന്ന തുക്കടാ കോർപറേഷൻറെ ചെയർമാൻ ജോലി എന്നാണ് ആ പാവം ധരിച്ചിരിക്കുന്നത്‌. അതു കൊണ്ട് കുറെ രാഷ്ട്രീയ ക്കാരെ കൂട്ടി ഒരു വലിയ ചടങ്ങ് സംഘടിപ്പിച്ചാണ്  രാജ്മോഹൻ സ്ഥാനം ഏറ്റത്. ഡാഷ് കൊണ്ട് ആറാട്ട്‌ എന്ന് കേട്ടിട്ടുണ്ടല്ലോ. 

ജോലി യൊന്നും ഇല്ലാതെ ഇരിക്കുന്ന രണ്ട് മന്ത്രിമാരെയും വി.എം. സുധീരനെയും പിന്നെ രണ്ടു എം.പി. മാരെയും കുറെ ചോട്ടാ  നേതാക്കളെയും ഈ ചടങ്ങിന് രാജ് മോഹന് കൂടെ കിട്ടി. തിരുവഞ്ചൂർ- പണിയൊന്നും ഇല്ല- സി.ബി. ഐ. വരുമ്പോൾ മാത്രമേ ഇനി പണി വരുകയുള്ളൂ. ഈ സമയം കൊണ്ട് ഏതെങ്കിലും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്ഡിൽ പോയി അങ്ങേര് നോക്കിയാരുന്നെങ്കിൽ അത്രയും എങ്കിലും ആയേനെ.  പിന്നെ  മന്ത്രി ശിവകുമാർ. ആശുപത്രികളിൽ മരുന്നില്ല ഡോക്ടർമാർ ഇല്ല. അതൊന്നും നോക്കാതെ  ഉണ്ണിത്താന്റെ സ്ഥാനാരോഹണത്തിന് പോയിരിക്കുന്നു. മദ്യ നയം കഴിഞ്ഞതോടു കൂടി സുധീരന് ഒരു   ജോലി യും ഇല്ല. ഈച്ചയടിച്ചു ഇരിപ്പ് തന്നെ.

ഒരു മൈതാന പ്രസംഗം നടത്തിയാണ് ഉണ്ണിത്താൻ സ്ഥാനം ഏറ്റെടുത്തത്. ഇതിനിടെ സുധീരൻ ഒരു സത്യം പറഞ്ഞു. ഉണ്ണിത്താൻ വലിയ വാചകമടിയാണ്.  അതൊക്കെ കുറച്ച്,  പണി എടുക്കാം എന്ന് ഏറ്റത് കൊണ്ടാണ് ഈ പണി ഏൽപ്പിച്ചത് എന്ന്  സുധീരൻ പറഞ്ഞു.

പിന്നെ ഉണ്ണിത്താന്റെ ഉദ്ദേശം നേരത്തെ തന്നെ അങ്ങേര് വെളിപ്പെടുത്തിയിട്ടുണ്ട്. "പത്ത് മുപ്പത്താറു കൊല്ലം കോണ്‍ഗ്രസ്സിൽ പ്രവർത്തിച്ചിട്ടു ഒരു പൈസ പോലും  കിട്ടിയില്ല" എന്ന്. അതെല്ലാം കൂടി  പലിശ സഹിതം   ഈ കോർപറേഷനിൽ നിന്നും പിടിക്കാൻ ആയിരിക്കും ഉണ്ണിത്താന്റെ  ഉദ്ദേശം. 

അത് മനസ്സിലാക്കി ദയ തോന്നി ആയിരിക്കും ചാണ്ടി ഈ അപ്പക്കഷണം കൊടുത്തത്.  ദയ തോന്നുന്നത് സ്വാഭാവികം. ഇരുട്ടു വീണാൽ ചാനലോട് ചാനലുകൾ കയറിയിറങ്ങി പാതിരാവ് വരെ കോണ്‍ഗ്രസ്സ് കാരുടെ തോന്നിവാസങ്ങളെ എല്ലാം  ന്യായീകരിച്ച് അലറി വിളിച്ച് ജനങ്ങളുടെ മുൻപിൽ അപഹാസ്യൻ ആകുന്ന നികൃഷ്ട്ട പ്രവർത്തി  അല്ലേ കാലങ്ങളായി  ഈ  ആജ്ഞാനുവർത്തി  ചെയ്തു   കൊണ്ടിരുന്നത് ? 

 ചല ചിത്ര വികസനം  ഒഴികെ എല്ലാം നടക്കുന്ന ചലച്ചിത്ര വികസന   കോർപറേഷനിൽ  എന്ത് നടക്കുന്നു എന്ന്  കാത്തിരുന്നു കാണാം.ചാനലിൽ ഒച്ച വയ്ക്കുനത് പോലെ അല്ല ഈ പണി.

പൊട്ടൻ സ്പീക്കർ

ഹൈക്കോടതി ജഡ്‌ജിയെ ശുംഭൻ എന്നു വിളിച്ചതിനു  കോടതി ശിക്ഷിച്ച് കുറെ ദിവസം അകത്തു കിടന്ന ആളാ 'മൂന്നിൽ ഒരു ജയരാജൻ'. വലിയ ധൈര്യം ഒന്നും ഇല്ല. ഹൈക്കോടതി വിരട്ടിയപ്പോൾ ശുംഭൻ എന്നാൽ 'ശുംഭൻ' അല്ലെന്നും  "ശോഭ  ഉള്ളവൻ"  ആണെന്നും ( അത് സംസ്കൃതം -)പറഞ്ഞു.  ഇ.എം.എസ്. കഴിഞ്ഞാൽ സംസ്കൃതം പഠിച്ച ആരാ ഈ മാർക്സിസ്റ്റ് പാർട്ടിയിൽ ഉള്ളത് ? സംസ്കൃതം പോട്ടെ അക്ഷരം പഠിച്ചിട്ടുള്ള ആരാ പാർട്ടിയിൽ ഉള്ളത് ? എന്തായാലും സുപ്രീം കോടതി ശിക്ഷ കുറച്ച് ഒരു മാസം ആക്കി കുറച്ചപ്പോൾ ജയരാജൻ ധൈര്യശാലി ആയി. താൻ പറഞ്ഞത് ശരി എന്ന് പറഞ്ഞു നടന്നു.ജെയിലിൽ നിന്നും പുറത്തു വന്നപ്പോൾ നടപ്പ് ഒരു ഹീറോ യെപ്പോലെ ആക്കി.

ആ ജയരാജൻ ഇപ്പോൾ നിയമ സഭ സ്പീക്കറെ "പൊട്ടൻ" എന്ന് വിളിച്ചിരിക്കുന്നു.  ഹൈക്കോടതിയെ പ്പോലെ അതിന് സ്പീക്കർക്ക്‌ വലിയ പ്രശ്നം ഒന്നും ഇല്ലെന്ന് തോന്നുന്നു. 

കാര്യ കാരണ സഹിതം ആണ് പൊട്ടൻ എന്ന് പറഞ്ഞത്. പൊട്ടൻ സ്പീക്കറെ ഓർത്ത് കേരള സമൂഹം ലജ്ജിക്കണം എന്നാണു ജയരാജൻ പറയുന്നത്. സഭയിൽ ലഡ്ഡു വിതരണം ചെയ്തതും മാണിയെ ഉമ്മ വച്ചതും ഒന്നും കാണാത്ത സ്പീക്കർ കണ്ണ് പൊട്ടൻ ആണെന്ന്. കണ്ണ് പൊട്ടന് എന്തിനാണ് കമ്പ്യുട്ടർ എന്നും ചോദിച്ചു. 

ഇനി ആംഗ്യം കൊണ്ട് മാണിക്ക് ബഡ്ജറ്റിനു അനുമതി കൊടുത്തതും പൊട്ടന്റെ ആംഗ്യം ആയിട്ട് കരുതുമോ എന്തോ.  

2015, മാർച്ച് 25, ബുധനാഴ്‌ച

ശീമാട്ടി

വ്യവസ്ഥാപിതമായ മാധ്യമങ്ങളുടെ മേൽ സോഷ്യൽ മീഡിയ നേടിയ വൻ വിജയം.  അതാണ്‌ കേരളത്തിൽ നമ്മൾ കണ്ടത്. കൊച്ചി മെട്രോ  നിർമാണത്തിന്  സ്ഥലം വിട്ടു നൽകില്ല  എന്ന ശീമാട്ടിയുടെ വാശി   ജന രോഷത്തിനു മുൻപിൽ നിഷ്പ്രഭമായി. 

പാവപ്പെട്ട ജനങ്ങളെ നിഷ്ക്കരുണം മെട്രോ യ്ക്ക് വേണ്ടി കുടി ഒഴിപ്പിച്ച ഭരണ കൂടം ശീമാട്ടിയുടെ ബീന കണ്ണൻറെ മുന്നിൽ മുട്ട് കുത്തി ഇഴഞ്ഞു. അവർ പറയുന്നത് എന്തും അനുസരിക്കാം എന്ന് കൈ കൂപ്പി പറഞ്ഞു, ജില്ലാ ഭരണ കൂടം. സമയ ബന്ധിതമായി തീർക്കും എന്ന് പാഴ് വാക്ക് പറയുന്ന ഉമ്മൻ ചാണ്ടി ആകട്ടെ മൌനം പാലിച്ചു.

പരസ്യത്തിൻറെ കാശ് കിട്ടുന്നത് കൊണ്ട് പത്ര ദൃശ്യ മാധ്യമങ്ങൾ വായടക്കി.

അപ്പോഴാണ്‌ ജനം ശക്തമായ  സോഷ്യൽ മീഡിയ വളരെ ഫല പ്രദമായി ഉപയോഗിച്ചത്. അതിൻറെ മുന്നിൽ ശീമാട്ടി മുട്ട് മടക്കി. 

IT ആക്റ്റിലെ ജന ദ്രോഹപരമായ സെക്ഷൻ 66 എ സുപ്രീം കോടതി എടുത്തുകളഞ്ഞു. ഇനി ഇങ്ങിനെയുള്ള ജനോപകാര കാര്യങ്ങൾക്ക് നമുക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാം.

ഇല്ലായിരുന്നുവെങ്കിൽ ശീമാട്ടിയെ കുറ്റം പറഞ്ഞതിന് ജനങ്ങളുടെ പേരിൽ ചാണ്ടി കേസ് എടുത്തേനെ. ചെന്നിത്തലയൻ  ആകട്ടെ കേരള പോലീസ് ആക്റ്റ് 118(D) പ്രകാരവും കേസേടുത്തെനെ. ഏതായാലും സുപ്രീം കോടതി  ആ 118(D) യും ദൂരെ വലിച്ചെറിഞ്ഞു. 

അങ്ങിനെ നമുക്ക് വിജയം ആഘോഷിക്കാം. മറ്റൊരു നല്ല കാര്യത്തിനു വേണ്ടി.

2015, മാർച്ച് 24, ചൊവ്വാഴ്ച

സെൻട്രൽ എക്സൈസ്-അറസ്റ്റ്-

റിപ്പോർട്ടർ ചാനൽ സി.ഇ.ഓ. നികേഷ് കുമാറിനെ  സെൻട്രൽ എക്സൈസ്  അറസ്റ്റ്  ചെയ്തു. ഇന്നലെ, മാർച്ച് 23 ന് ആയിരുന്നു അറസ്റ്റ്. സേവന നികുതി ( സർവീസ് ടാക്സ്) അടയ്ക്കാത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്. പരസ്യ ദാതാക്കളിൽ നിന്നും പിരിച്ചെടുത്ത  2   കോടി  20 ലക്ഷം  രൂപ റ്റാക്സ് സർക്കാരിൽ അടയ്ക്കാതെ കയ്യിൽ  വച്ചിരിക്കുകയായിരുന്നു റിപ്പോർട്ടർ ചാനൽ. റ്റാക്സ് പിരിച്ചെടുത്തിട്ടും അത്  സർക്കാരിന് നൽകാതെ സ്വയം  എടുക്കുക എന്ന ഗുരുതരമായ കുറ്റം ആണ് റിപ്പോർട്ടർ ചാനൽ ചെയ്തത്. അതിനായിരുന്നു സെൻട്രൽ എക്സൈസ് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നികേഷ് കുമാർ 

ഇങ്ങിനെ ഒരു   അറസ്റ്റ്  നടന്നതായി ഒരു ചാനലിലും വാർത്ത ഇല്ല.  അതാണ്‌ ഈ വാർത്താ മാധ്യമങ്ങളുടെ ഒരു കൂട്ടു കെട്ട്. നാട്ടിൽ ഒരു ചെറിയ വാർത്ത വന്നാലും അത് വലിയ താക്കി അവർ ഇടും. അത് അവരുടെ റേറ്റിങ്ങിന്റെ പ്രശ്നം. പക്ഷേ  സ്വയം ഒരു കുറ്റം ചെയ്‌താൽ അത് ഒളിച്ചു വയ്ക്കും. അത് പോലെ തന്നെയാണ് നന്നായി പരസ്യം കൊടുക്കുന്നവരുടെ എതിരായി വരുന്ന വാർത്തകൾ തമസ്ക്കരിക്കുന്നതും.

സോഷ്യൽ മീഡിയ ഉള്ളതിനാലാണ് ഈ വാർത്ത ജനങ്ങൾ അറിഞ്ഞത്. പിന്നെ പത്രങ്ങളും. ജന്മഭുമി യിൽ നികേഷിന്റെ പടം സഹിതം വാർത്ത കാണാം.

ഈ നികുതി വെട്ടിച്ചതിനു നടന്ന അറസ്റ്റിനു എതിരെ കുറെ പ്പേർ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനി സി.പി.എം.ലെ പിണറായി വിജയൻ ആണ്.  സെൻട്രൽ എക്സൈസ്ൻറെ നീക്കം അതിരു വിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം ആണെന്നും പറഞ്ഞു. നികുതി അടക്കാതിരിക്കുന്നതാണോ മിസ്റ്റർ വിജയൻ മാധ്യമ സ്വാതന്ത്ര്യം? ഏതെങ്കിലും ഒരു സർക്കാർ സ്ഥാപനം നിയമ പരമായി പ്രവർത്തിക്കുന്നത് ആണോ അതിരു വിട്ടത്? നികുതി വെട്ടിപ്പ് തടഞ്ഞതിൽ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

ജോയ് മാത്യു എന്ന സിനിമാക്കാരനും ഈ അറസ്റ്റിനു എതിരെ രംഗത്തു വന്നു. ഈ നികുതി വെട്ടിപ്പിനെ ന്യായീകരിക്കുകയാണ് ജോയ് മാത്യു. നികുതികൊടുക്കുന്നതാണ് അന്തസ്സ് എന്ന് അദ്ദേഹം കരുതുന്നില്ല. അതാണ്‌ വെട്ടിപ്പിനെ ന്യായീകരിക്കുന്നതും നിസ്സാര വൽക്കരിക്കുന്നതും. 

ഉദ്യോഗസ്ഥന്മാർ നട്ടെല്ല് വളയ്ക്കുന്നതും രാഷ്ട്രീയ യജമാനന്മാരുടെ പാദസേവ ചെയ്യുന്നതും മാത്രം കണ്ടു വളർന്ന കേരളത്തിൽ ഈ അറസ്റ്റ് പുതുമ ഉള്ളതായിരിക്കും. ടി.പി.  വധക്കേസ്,സരിത  തട്ടിപ്പ്-കോഴ കേസ്‌ , ടൈറ്റാനിയം അഴിമതി കേസ്, പാമോയിൽ കേസ്‌, ബാർ കോഴ,മാണി കോഴ എന്നിങ്ങിനെ എല്ലാ കേസുകളിലും ഒരു നടപടിയും എടുക്കാതെ ഒത്തു തീർപ്പും കൊണ്ട് നടക്കുന്ന കേരള പോലീസിനെയും  കേരള സർക്കാർ ഉദ്യോഗസ്ഥരെയും (തിരുവഞ്ചൂർ വിരട്ടിയപ്പോൾ ചുവടു മാറ്റിയ ചീഫ് സെക്രട്ടറി ജിജി തോംസനെ പ്പോലെ) മാത്രം കണ്ടു വളർന്ന കേരളത്തിലെ മനുഷ്യർക്ക്‌ ഈ അറസ്റ്റ് അത്ഭുതം ആയിരിക്കും. നിയമ പരമായി നടപടി എടുത്തിരുന്നുവെങ്കിൽ മാർക്സിസ്റ്റ് നേതാക്കളും മാണിയും ചാണ്ടിയും ഒക്കെ എന്നേ അകത്തായേനെ.

ഈർക്കിലി  രാഷ്ട്രീയക്കാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം കണ്ടു ശീലിച്ച ഇവിടത്തെ ജനത്തിന് അന്തസ്സുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ അത്മാർത്തത മനസ്സിലാകുന്നില്ലായിരിക്കാം.

നികുതി വെട്ടിപ്പിന് കേന്ദ്ര വകുപ്പ് ആയ സെൻട്രൽ എക്സൈസ് അറസ്റ്റ് ചെയ്തത് ശരിയായ കാര്യം. മനപൂർവം നികുതി വെട്ടിക്കുകയോ, പിരിച്ച നികുതി അടയ്ക്കതിരിക്കുകയോ ചെയ്‌താൽ അറസ്റ്റ് ചെയാനുള്ള വകുപ്പ് സർവീസ് റ്റാക്സ് നിയമത്തിൽ ഉണ്ട്. അതനുസരിച്ചാണ് അറസ്റ്റ് നടത്തിയതും കോടതിയിൽ ഹാജരാക്കിയതും . നിയമം നടപ്പാക്കിയതിന് അതിന് സെൻട്രൽ എക്സൈസ്നെ   അധിക്ഷേപിക്കുകയാണോ ചെയ്യേണ്ടത്. കേന്ദ്ര സർക്കാരിനെ കുറ്റം പറയുകയാണോ വേണ്ടത്? അഭിനന്ദിക്കുകയല്ലേ വേണ്ടത്?

ആധാർ നിർബന്ധം

ബഹുമാനപ്പെട്ട സുപ്രീം കോടതി   പറഞ്ഞു  ' ആധാർ നിർബന്ധം ആക്കരുത്. 2013 സെപ്റ്റംബറിൽ കോടതി ഇറക്കിയ ഉത്തരവ് അതെ പടി നില നിൽക്കുന്നു . അതിനാൽ കേന്ദ്രം എല്ലാ സംസ്ഥാന ചീഫ്  സെക്രട്ടറി മാർക്കും ഉടൻ കത്ത് അയക്കണം. സർക്കാർ / മറ്റു കാര്യങ്ങൾക്ക് ആധാർ  ഒരു കാരണ വശാലും നിർബന്ധം ആക്കരുത് എന്ന് നിർദ്ദേശം നൽകി ക്കൊണ്ട്.

ഈ മാർച്ച് 16 ന് ആണ് സുപ്രീം കോടതി വിധി പറഞ്ഞത്. പക്ഷേ  നമ്മുടെ സംസ്ഥാനത്തെ ചീഫ് എലക്ടറൽ ഓഫീസർ ഇതറിഞ്ഞ മട്ടില്ല. സീനിയർ IAS ഓഫീസർ നളിനി നെറ്റോ ആണ് ഈ പദവിയിൽ എന്നാണ് അവരുടെ സൈറ്റ് കാണിക്കുന്നത്. ഏതായാലും നമ്മുടെ ഓഫീസർ ഈ സുപ്രീം കോടതി വിധി അറിഞ്ഞ മട്ടില്ല. 

അവർ ആാധാർ കാർഡ് ഉപയോഗിക്കാൻ വൻ തോതിൽ പരസ്യം ചെയ്യുകയാണ്.പത്രത്തിലും റേഡിയോ യിലും മറ്റും. വോട്ടേഴ്സ് ID  കാർഡിനു പകരം പുതിയ കളർ ഫോട്ടോ ചേർത്ത ID കാർഡ് കൊടുക്കുന്നു. അവരുടെ സൈറ്റ് നോക്കുക എന്ന്. സൈറ്റിൽ കയറിയാൽ പറയുന്നത് " ആധാർ കാർഡ് നമ്പർ എഴുതുക" എന്ന്. അതില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല.

എന്താണ്  ഇതിന്റെയൊക്കെ അർത്ഥം? സുപ്രീം കോടതി ആണോ വലുത് അതോ ചീഫ് എലക്ടറൽ ഓഫീസർ ആണോ? ഒന്നുകിൽ ചീഫ് എലക്ടറൽ ഓഫീസർ സുപ്രീം കോടതി വിധി കണ്ടിട്ടില്ല,കേട്ടിട്ടില്ല. അല്ലെങ്കിൽ അതിനെ ധിക്കരിയ്ക്കുന്നു.

ജനം എന്തുചെയ്യും?

2015, മാർച്ച് 23, തിങ്കളാഴ്‌ച

ക്രിക്കറ്റ് കളി

ഇന്ത്യയ്ക്ക് അനുകൂലമായി സിഡ്നി പിച്ച്  ഒരുക്കുന്നു എന്ന ആരോപണവുമായി ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ രംഗത്ത്. പിച്ച് സ്പിന്നിനെ അനുകൂലിക്കും എന്നും അത് ഇന്ത്യയ്ക്ക് അനുകൂലം ആകുമെന്നാണ് ഇവർ പറയുന്നത്.  ഇന്ത്യ ഫൈനലിൽ വരണം എന്നുള്ള രീതിയിൽ ആണ് അമ്പയറിംഗ് നടക്കുന്നത് എന്ന് ബംഗ്ലാദേശും പറയുന്നു. പാകിസ്ഥാനും പറയുന്നു.

ഇത് ലോക കപ്പ് ആണ്. ഈ പങ്കെടുത്ത ഓരോ കളിക്കാരനും  കോടികളും ലക്ഷങ്ങളും ആണ് തിരിച്ചു വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നത്. ഈ പണം എവിടെ നിന്ന് ഉണ്ടാകുന്നു? കാണികളുടെ കയ്യിൽ നിന്നും ടി.വി. പരസ്യ വരുമാനത്തിൽ നിന്നും. 

ഈ കളി കാണാൻ പോകുന്നത് കൂടുതലും ആരാ? ഇന്ത്യാക്കാർ.സായിപ്പന്മാർ ആകട്ടെ കുറെയെണ്ണം തുണിയെല്ലാം ഉരിഞ്ഞ് സൂര്യ സ്നാനം ചെയ്യാനാണ് അവിടെ ചെല്ലുന്നത്.  ഇന്ത്യ കളിച്ചാൽ മാത്രമേ  ഇത്രയും കാണികളെ കിട്ടൂ. പരസ്യം കിട്ടൂ. അതിനു അനുസരിച്ചാണ് കളികൾ നടക്കുന്നത്.  അറബി നാട്ടിലെ കളി കണ്ടിട്ടില്ലേ? ഇന്ത്യയും പാകിസ്ഥാനും നേർക്ക്‌ നേർ വരണം. ഇന്ത്യാക്കാരും പാകിസ്ഥാൻകാരും  ആവേശ ഭരിതർ.ജയം ഒരു യുദ്ധം ജയിച്ച പോലെ. ഇത് മുതലെടുത്ത്‌ നടത്തിപ്പുകാർ പണം ഉണ്ടാക്കുന്നു. 

IP L ലെ കളികൾ നമ്മൾ കണ്ടുവല്ലോ. ഒത്തുകളി അങ്ങിനെ പലതും. കാശുണ്ടാക്കണം അത് മാത്രമാണ് നടത്തുന്നവരുടെയും കളിക്കാരുടെയും ലക്ഷ്യം.ഇപ്പോൾ ഇന്ത്യയെ ചീത്ത പറയുന്ന ഈ ആസ്ട്രേലിയൻ കളിക്കാർ ഉണ്ടല്ലോ IP L സീസണ്‍ ആയാൽ ഒരു പ്രശ്നവും ഉണ്ടാക്കാതെ മര്യാദക്കാരായി ഇൻഡ്യയിൽ വന്ന് കളിച്ചു പോകുമല്ലോ. കാരണം എന്താ? നല്ല കാശല്ലേ കിട്ടുന്നത്? കാശു കിട്ടിയാൽ ഈ സായിപ്പന്മാർ എന്തും ചെയ്യും.

പാകിസ്ഥാൻ കാര് IP L ൽ കളിക്കാൻ കുറെ പണിഞ്ഞതാ.  അതിനു അവർക്കും നാണമില്ല. ഒരു സീസണ്‍ കഴിയുമ്പോൾ പട്ടിണി ക്കാരായ പാകിസ്ഥാൻ ക്രിക്കറ്റ് കാർക്കും കോടികൾ കൊണ്ടു പോകാമല്ലോ.പക്ഷെ കാര്യം നടന്നില്ല.അതിൽ അവർ നിരാശരുമാണ്.

ഇന്ത്യക്കാർ മോശം.പക്ഷെ അവരുടെ കാശ് നല്ലത്.

അമേരിക്കൻ പ്രസിഡന്റ് ആകാനുള്ളതിനെക്കാളും  തള്ളാണ് BCCI പ്രസിഡന്റ് ആകാൻ.ശ്രീനിവാസൻ എന്തെല്ലാം കളിച്ചു? സുപ്രീം കോടതി ഇടപെട്ടത് കൊണ്ട് നടന്നില്ല. അതാ വന്നു മറ്റൊരു താപ്പാന.ഡാൽമിയ. 

ഭാരതത്തിലെ ജനങ്ങൾ വിഡ്ഢികൾ ആയതു കൊണ്ടാണ് ഇങ്ങിനെയൊക്കെ നടക്കുന്നത്. സ്വന്തം തന്ത ചത്തു കിടന്നാലും ക്രിക്കറ്റ് കളി കാണണം. അല്ലെങ്കിൽ സ്കോർ എങ്കിലും അറിയണം.

കളി എന്താണ് എന്നറിയാത്തവനും ഇത് കാണും. സ്കോർ എത്ര,ഔട്ട്‌ ആയോ എന്നറിഞ്ഞാൽ മതി. ഇത് പണ്ടേ തുടങ്ങിയതാണ്‌ . വടക്കേ ഇന്ത്യയിൽ  എല്ലാവരുടെയും ചെവിയിൽ ഒരു ട്രാൻസിസ്ടർ റേഡിയോ കാണും.  ക്രിക്കറ്റ്  കമന്ററി യും ആയി. റേഡിയോ ഇല്ലാത്തവൻറെ  സ്ഥിരം ചോദ്യം "കിത്ത്ന ഹോ ഗയാ?"  മനസ്സിലാവാതെ കമന്ററി  കേൾക്കുന്നവന്റെ  സ്ഥിരം മറുപടിയും  " അഭി അഭി ലഗായാ" ഇപ്പം വച്ചതെ ഉള്ളൂ എന്ന്.

പാവം ഇന്ത്യാക്കാർ. ഒത്തു കളി എന്തെന്നറിയാതെ ഇന്നും ചെവിയിൽ   ട്രാൻസിസ്ടർ റേഡിയോയും ആയി വിഡ്ഢികൾ ആയി നടക്കുന്നു. കഷ്ട്ടം.

സിഡ്നിയിൽ കാണാം നമുക്ക്. 
  

2015, മാർച്ച് 19, വ്യാഴാഴ്‌ച

ബലാൽസംഗം

ഭാരതത്തിന്‌ അപമാന (അതോ അഭിമാനമോ) ആയി മറ്റൊരു ബലാൽസംഗം കൂടി നടന്നിരിക്കുന്നു. ഒരു ബലാത്സംഗ പ്രതിയുടെ ന്യായീകരിച്ചു കൊണ്ടുള്ള അഭിമുഖം നിരോധിച്ചതിന് എതിരെ കുറെ രാജ്യ സ്നേഹികൾ യുദ്ധം ചെയ്യുന്നതിന് ഇടയിൽ ആണ് മറ്റൊരു ബലാൽസംഗം നടക്കുന്നത്. 

തിഹാർ ജയിലിലെ അഭി മുഖത്തിൽ ബലാത്സംഗ പ്രതി പറഞ്ഞത് 'പെണ്ണുങ്ങൾ വസ്ത്ര ധാരണം ചെയ്യുന്ന രീതിയും അവർ രാത്രി ഇറങ്ങി നടക്കുന്നതും ആണ് പ്രശ്നം' എന്നാണ്. അത് പ്രസിദ്ധീകരിക്കാത്തതിനാണ് അഭിപ്രായ സ്വാതന്ത്ര്യം ഹനിച്ചു എന്ന് പറഞ്ഞു കുറെ പ്പേർ മുറവിളി കൂട്ടുന്നത്‌. ഇവിടെ പശ്ചിമ ബംഗാളിൽ കൂട്ട ബലാത്സംഗത്തിന് ഇരയായത് 71 വയസ്സുള്ള വന്ദ്യ വയോധികയായ ഒരു കന്യാ സ്ത്രീ ആണ്. പ്രലോഭിക്കുന്ന വസ്ത്രമാണോ ആ പാവം അമ്മ ധരിച്ചിരുന്നത്? രാത്രിയിൽ ഇറങ്ങി നടക്കുകയായിരുന്നോ ആ പാവം സ്ത്രീ?

സംസ്ക്കാരം ഉണ്ടായി നമ്മൾ നന്നാവും എന്നൊന്നും ആരും പ്രതീക്ഷിക്കണ്ട. കാരണം സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരതീയ സംസ്കാരം അല്ല നമ്മൾ ഇന്ന് പിന്തുടരുന്നത്. അതിനെ പുതു തലമുറ പുശ്ചിച്ചു തള്ളുകയാണ്. അതിനാൽ കഠിനമായ ശിക്ഷ തന്നെ വേണം.

സുര്യ നെല്ലി കുറ്റാരോപിതൻ  രാജ്യ സഭ അംഗം  പി.ജെ.കുര്യൻ, കുരിയൻ നിരപരാധി എന്ന് അന്വേഷണ റിപ്പോർട്ട് നൽകിയ സിബി മാത്യു, അന്നത്തെ ഇര ഒരു മോശപ്പെട്ട സ്വഭാവക്കാരി ആണെന്ന് പറഞ്ഞ   ജസ്റ്റീസ് ബസന്ത്. ഇവരൊക്കെ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ ബലാൽസംഗം ചെയ്തവന് ശിക്ഷ കിട്ടും എന്ന് നമുക്ക് എങ്ങിനെ പറയാൻ കഴിയും?

2015, മാർച്ച് 18, ബുധനാഴ്‌ച

അതാണ്‌ മാണി.

മാണിയ്ക്ക് ബഡ്ജറ്റ്‌ വായിക്കാൻ നിയമ സഭയിൽ മനുഷ്യ മതിൽ തീർത്തതിന്റെ മുൻ പന്തിയിൽ ലീഗിൻറെ പച്ചയുടുപ്പിട്ട തടിച്ച  എം.എൽ.എ യും മറ്റും  ആയിരുന്നു.   ആ സഹായത്തിന് തക്ക പ്രതിഫലം മാണി ഇബ്രാഹിം കുഞ്ഞിന് കൊടുക്കുകയും ഉണ്ടായി. പെട്രോളിന് ഉള്ള 1 രൂപ  സെസ്സ് റോഡ്‌ നന്നാക്കാൻ വേണമെന്ന് നേരത്തെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞുറപ്പിച്ചു വച്ചതാണ്.

മാണി ആ സെസ്സ്  തന്റെ കീഴിലുള്ള ഭവന നിർമാണ വകുപ്പിന് കൊടുത്തു. പാവം ഇബ്രാഹിം കുഞ്ഞ് ഇതൊന്നും അറിയാതെ മാണിയെ സംരക്ഷിക്കുകയും കയ്യടിച്ചു ആഹ്ലാദിക്കുകയും ലഡ്ഡു തിന്നുകയും മാണിയെ ഉമ്മ വക്കുകയും ഒക്കെ ചെയ്തത് വെറുതെ ആയി. എങ്ങിനെയുണ്ട് മാണി കൊടുത്ത പണി. അതാണ്‌ മാണി.


2015, മാർച്ച് 17, ചൊവ്വാഴ്ച

ഉറക്കം തൂങ്ങികൾ

 ഗവർണറുടെ നയ പ്രഖ്യാപനം.

പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഭരണപക്ഷം ഉറങ്ങി പ്പോയി.


ആര് നടപ്പാക്കും ഈ പ്രഖ്യാപിച്ച നയങ്ങൾ? 


ഈ ഉറക്കം തൂങ്ങികളെ അടുത്ത നിയമസഭ കാണിക്കരുത്.



ചാരപ്പണി

കോണ്‍ഗ്രസ്സുകാർ ആകെ പരിഭ്രാന്തരാണ്. കേന്ദ്ര  ഭരണത്തിൽ നിന്നും വെറും 44 സീറ്റിലേയ്ക്ക് ഒതുങ്ങിയതിന്റെ  വെപ്രാളം. അധികാര കസേരയിൽ എന്നും  ഇരിക്കാം എന്നുള്ള മോഹം  ആണ് ആകെ തകർന്ന് തരിപ്പണം ആയത്. അധികാരമില്ലെങ്കിൽ പാർട്ടി വെറും വട്ടപ്പൂജ്യം. അതാണവരെ വിറളി പിടിപ്പിക്കുന്നത്.  പാർട്ടി  നാമാവശേഷം ആയി ക്കഴിഞ്ഞു. കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിനു പോലും അർഹമല്ലാതായി.  സംസ്ഥാനങ്ങൾ ഒന്നൊന്നായി  കൈവിട്ടു പോകുന്നു. ആകെ ഇന്ന് ചെയ്യുന്നത് പാർലമെന്റിൽ കാരണങ്ങൾ ഒന്നുമില്ലാതെ കുറെ ബഹളം വയ്ക്കുക, നടപടികൾ തടസ്സപ്പെടുത്തുക എന്നത് മാത്രമാണ്. കോണ്‍ഗ്രസ്സിനെ പോലെ തന്നെ അധികാരത്തിനു വേണ്ടിയുള്ള തട്ടി ക്കൂട്ട് പാർട്ടികളായ മുലായം സിംഗിന്റെയും,  ലാലു പ്രസാദിന്റെയും, നിതീഷിന്റെയും, മമതയുടെയും ഒക്കെ ഈർക്കിലി പാർട്ടികൾ,പിന്നെ കേരളത്തിൽ മാത്രം കാണപ്പെടുന്ന  വിപ്ലവ പാർട്ടി. ഇവരൊക്കെയാണ് പാലമെന്റിൽ ബഹളം വയ്ക്കാൻ
കോണ്‍ഗ്രസ്സിന് കൂട്ട്.

രാഹുൽ ഗാന്ധിയുടെ മേൽ കേന്ദ്ര സർക്കാർ ചാരപ്പണി നടത്തി എന്നുള്ള ആരോപണം ആണ് ഏറ്റവും അവസാനം പാർലമെന്റ് തടസ്സപ്പെടുത്താൻ കോണ്‍ഗ്രസ് ഉപയോഗിച്ചത്. ലോക സഭയിലും രാജ്യ സഭയിലും ഈ പ്രശ്നം ഉന്നയിച്ച് വലിയ ബഹളം ആയിരുന്നു അവർ ഉണ്ടാക്കിയത്. ഡൽഹി പോലീസിലെ ഒരു ഉദ്യോഗസ്ഥൻ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ചെന്ന് അദ്ദേഹത്തിന്റെ മുടിയുടെ നിറവും കണ്ണിന്റെ നിറവും ചോദിച്ചത്രേ. അതാണ്‌  മോദി സർക്കാരിന്റെ ചാരപ്പണി എന്ന് കോണ്‍ഗ്രസ്സ് പറഞ്ഞത്.

ഇന്ദിരാ ഗാന്ധിയുടെ  മരണത്തിന് ശേഷം  സഹതാപ വോട്ടിലൂടെ  അധികാരം നേടാനാണ്  അവർ രാജീവ് ഗാന്ധിയെ ഇറക്കിയത്.അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം ആണ് സോണിയ യെ രംഗത്തിറക്കിയത്.സോണിയയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന് അലമുറയിട്ടു കരഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ്സുകാർ വോട്ട് തേടിയത്.എന്നും കോണ്‍ഗ്രസ്സ് കാർ അങ്ങിനെയാണ്. ഗാന്ധി പ്പേര് ഉള്ള ആരെയെങ്കിലും മുൻ നിർത്തി അധികാരത്തിൽ കയറും. അവരെ  മുന്നിൽ നിർത്തിയാണ് അഴിമതി മുഴുവൻ നടത്തുന്നത്. ഇതിനിടെ സോണിയ ഗാന്ധിയുടെ ബിനാമി പ്രധാന മന്ത്രി ആയ മൻമോഹൻ സിംഗിനെ കൽക്കരി അഴിമതി ക്കേസിൽ ഒരു പ്രതി ആയി കോടതി വിളിച്ചിരിക്കുകയാണ്. മാഡത്തിനെ സഹായിക്കാൻ  മൻമോഹൻ വഴി വിട്ട പ്രവൃത്തികളും അഴിമതിയും നടത്തി എന്നാണ് പറയുന്നത്. 2-ജി അഴിമതി വേറെ.അങ്ങിനെ പലതും. ഇതിൽ നിന്നൊക്കെ ജന ശ്രദ്ധ തിരിച്ചു വിടാനും അങ്ങിനെ രക്ഷപ്പെടാം എന്നൊരു വ്യാമോഹവും കൊണ്ടാണ് വെറും ഭോഷത്തരങ്ങളും ആയി പാർലമെന്റിൽ വരുന്നത്.

ഈ കോണ്‍ഗ്രസ്സ് കാർ എത്ര പൊട്ടന്മാർ ആണ്. രാഹുൽ ഗാന്ധിയ്ക്കെതിരെ ചാരപ്പണി നടത്തുന്നു അത്രേ. ചാരപ്പണി എന്നതിന്റെ അർത്ഥം പോലും ശരിക്കറിയില്ല ഈ മണ്ടന്മാർക്ക്. രാഹുലിൻറെ ഓഫീസിൽ നേരിട്ട് ചെന്ന് ചില വിവരം  അന്വേഷിക്കുന്നതാണോ ചാരപ്പണി?  എല്ലാ പ്രധാന നേതാക്കളുടെയും ചെറു വിവരണം ( പ്രൊഫൈൽ) സുരക്ഷ യുടെ ഭാഗമായി ശേഖരിക്കാറുണ്ട്. അതിൻറെ ഭാഗമായാണ് ആ പോലീസ് കാരൻ രാഹുലിന്റെ ഓഫീസിൽ ചെന്നത്. ഇത്തരം വിവരങ്ങൾ കാലാ കാലങ്ങളായി ഡൽഹി പോലീസ് ശേഖരിക്കുന്നുണ്ട്.  ഇതേ ചോദ്യാവലി ഉപയോഗിച്ച്    സോണിയ ഗാന്ധിയുടെ പക്കൽ നിന്നും 2003,2009,2010,2011,2012 വർഷങ്ങളിൽ വിവരങ്ങൾ തേടിയിരുന്നു. രാഷ്ട്രപതി ആകുന്നതിന് മുൻപ് പ്രണാബ്  മുഖർജിയിൽ നിന്നും വിവരം തേടിയിരുന്നു. ഇതാണ് ചാരപ്പണി എന്നു കോണ്‍ഗ്രസ്സ് കാർ പറയുന്നത്. ഇതൊക്കെ രാജ്യ സഭയിൽ മന്ത്രി വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ്സ് ആകെ നാണം കെട്ട രീതിയിൽ  ആയി.(അങ്ങിനെ ഒന്നുണ്ടോ അവർക്ക്?).

ഇതൊക്കെ കോണ്‍ഗ്രസ്സ് ഭരണ കാലത്തും  നടന്ന കാര്യങ്ങൾ ആണ്. അവർക്ക് വ്യക്തമായി അറിവുള്ളതും ആണ്. എന്നിട്ടും ഇങ്ങിനെ പാർലമെന്റിൽ ബഹളം ഉണ്ടാക്കുന്നത് മനപൂർവ്വം പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താൻ മാത്രം ആണെന്ന് എല്ലാവർക്കും വ്യക്തമായല്ലോ.ഭരണം നന്നായി പോകുന്നു.അവരുടെ മുന്നിൽ മറ്റു വിഷയങ്ങൾ ഒന്നുമില്ല. അതാണ്‌ ഇങ്ങിനെയൊക്കെ നിരുത്തരവാദി ത്വ പരമായി പെരുമാറുന്നത്.

 ഒരു സംശയം കൂടി ഉണ്ട്. രാഹുൽ ഗാന്ധിയെ കാണാതായിട്ട് കുറെ ദിവസങ്ങളായി. ആർക്കും അറിയില്ല എവിടെയാണെന്ന്. അമ്മയ്ക്കു പോലും അറിയില്ല. പോലീസ് ചെന്ന്  രാഹുലിനെ കുറിച്ച് കോണ്‍ഗ്രസ്സ് ഓഫീസിൽ അന്വേഷിച്ചപ്പോൾ,  എന്തെങ്കിലും സംഭവിച്ചോ  അതോ കാണാതായ രാഹുലിനെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കുകയാണോ എന്ന് ഏതെങ്കിലും കോണ്‍ഗ്രസ്സ് നേതാവിൻറെ ബുദ്ധിയിൽ  തോന്നിക്കാണും.  അത് അമ്മയോടും മറ്റു കോണ്‍ഗ്രസ് നേതാക്കളോടും ചർച്ച ചെയ്തു കാണും.എന്നിട്ട് ഈ മണ്ടന്മാരെല്ലാം കൂടി തീരുമാനമെടുത്തു കാണും ഇത്  രാഹുലിനെതിരെ ചാരപ്പണി തന്നെ എന്ന്.എന്നിട്ട് അത് പാർലമെന്റിൽ കൊണ്ട് അവതരിപ്പിക്കുകയും ചെയ്തു. അതാണ്‌ സംഭവിച്ചത്‌. 

2015, മാർച്ച് 16, തിങ്കളാഴ്‌ച

സർക്കാർ ജോലി

തിരുവനന്തപുരം നഗര സഭയിലെ ജീവനക്കാർ കാണിച്ച ഉത്തരവാദിത്വ ബോധം ഒരു നല്ല മാതൃകയാണ്. അവധി ദിവസമായ ഞായറാഴ്ച അപ്പീസിൽ എത്തി ജോലി പൂർത്തിയാക്കുകയാണ് അവർ ചെയ്തത്. നിയമസഭ സമരവും തുടർന്നുള്ള ഹർത്താലും മുടക്കിയ ജോലി ആണ് അവർ  ഞായറാഴ്ച ചെയ്തത്.  സ്വന്തം ജോലി സമയ ബന്ധിതമായി പൂർത്തിയാക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ശമ്പളം വാങ്ങുന്നതിനാൽ അതിൻറെ ചുമതലയും ബാധ്യതയും അവരിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നു.  അതിനാൽ അങ്ങിനെ ചെയ്യുന്നത് ഒരു മഹാ  കാര്യമായി കാണേണ്ടതില്ല. പക്ഷെ ഇവിടെ അവരുടേതല്ലാത്ത കാരണങ്ങളാൽ മുടങ്ങിയ ജോലിയാണ് അവധി ദിവസം തീർത്തത്. അതാണ്‌ ശ്ലാഘനീയമായത്. 

ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. ജോലി ചെയ്യാതെ ശമ്പളം പറ്റാനാണ് സർക്കാർ ജോലി എന്നൊരു ധാരണ ഇന്ന് ഉദ്യോഗസ്ഥരുടെ ഇടയിൽ  രൂഡമൂലമായിരിക്കുകയാണ്. സ്വന്തം  സർവീസ്  സംഘടനകളിൽ ആളെ കൂട്ടാനായി രാഷ്ട്രീയ പാർട്ടികളും ജോലി കുറച്ചു ചെയ്യാൻ പരോക്ഷമായി സഹായിക്കുന്നുമുണ്ട്. ഇങ്ങിനെയുള്ള   സാഹചര്യത്തിൽ  അവധി ദിവസം ജോലി ചെയ്തതാണ് ഇവരുടെ ഈ സംരംഭം മഹത്തരമാക്കുന്നത്.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻ തോതിൽ അനുഭവിച്ചിട്ടും, നിയമസഭയിൽ കിടന്ന് അടിപിടി കൂടുകയും ചന്ത ത്തരം കാട്ടുകയും ചെയ്ത  എം.എൽ.എ.മാരും മന്ത്രിമാരും ഈ ഉദ്യോഗസ്ഥരെ കണ്ടു പഠിക്കട്ടെ.  

ജനന-മരണ വിഭാഗത്തിൽ നാൽപ്പതോളം ജീവനക്കാരാണ് ഞായറാഴ്ച ജോലി ചെയ്തു ആയിരത്തിലേറെ സർറ്റിഫിക്കറ്റുകൾ പൂർണമാക്കിയത്. ഈ ജീവനക്കാർക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ആത്മാർഥമായ ജോലി ഇനിയും പ്രതീക്ഷിക്കുന്നു. ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.  എല്ലാ വിധ ആശംസകളും.

ഒരേ ഒരു അപേക്ഷ. നിങ്ങൾ ഈ ചെയ്ത നല്ല കാര്യത്തിൻറെ  ക്രെഡിറ്റ് എടുക്കാൻ എട്ടു കാലി മമ്മൂഞ്ഞിനെ പ്പോലെ രാഷ്ട്രീയക്കാർ വരും.ഒരു രാഷ്ട്രീയ പാർട്ടിയെയും അവരുടെ സർവീസ് സംഘടനകളെയും അതിന്  അനുവദിക്കരുത്. ഇതിൻറെ എല്ലാ കീർത്തിയും നിങ്ങൾക്കുള്ളതാണ്.

2015, മാർച്ച് 15, ഞായറാഴ്‌ച

സ്പീക്കർ

 നമ്മുടെ സ്പീക്കർ ബഡ്ജറ്റ് സമ്മേളനത്തിന് വന്നത് കാണണ്ടേ?




2015, മാർച്ച് 13, വെള്ളിയാഴ്‌ച

ബഡ്ജറ്റ്

ഇതാണോ ബഡ്ജറ്റ് ? ഇങ്ങിനെയാണോ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്‌? ഇങ്ങിനെയാണോ ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത്?  ജനാധിപത്യ   വ്യവസ്ഥകളെ നോക്കു കുത്തികൾ ആക്കി ക്കൊണ്ട് അവയ്ക്ക് വെറും പുല്ലു വില പോലും നൽകാതെയുള്ള  ബഡ്ജറ്റ് അവതരണം അല്ലേ ഇന്ന് കേരള നിയമ സഭയിൽ നടന്നത്?

നിയമ സഭയുടെ പൂർണ ഉത്തരവാദിത്വം സ്പീക്കർക്ക് ആണ്. ഭരണ ഘടനയുടെ ആർട്ടിക്കിൾ 178 അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കർക്ക്  നിയമ സഭ സമ്മേളനം  ശാന്തമായി നടത്തി ക്കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം ആണ് ഉള്ളത്. നിയമ സഭയുടെ നടത്തിപ്പിനുള്ള നിയമങ്ങൾ അനുസരിച്ച് നിയമ സഭയുടെ ഓരോ ദിവസത്തെയും യോഗം  ആരംഭിക്കുന്നതും അവസാനിക്കുന്നതും എല്ലാം തീരുമാനിക്കുന്നത് സ്പീക്കർ ആണ്. ആർക്കൊക്കെ സംസാരിക്കാൻ അനുവാദം നൽകണം എന്ന് തീരുമാനിക്കുന്നതും എത്ര നേരം വേണം എന്ന് തീരുമാനിക്കുന്നതും തുടങ്ങി സഭ നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വം ഭരണ ഘടന അനുസരിച്ച് സ്പീക്കറിൽ നിക്ഷിപ്തമാണ്. സഭയിൽ സ്പീക്കറെ അനുസരിക്കാനും സ്പീക്കറുടെ റൂളിംഗ് അനുസരിച്ച് പെരുമാറാനും എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്.മുഖ്യ മന്ത്രിയും മന്ത്രിമാരും ഉൾപ്പടെ എല്ലാവരും. പ്രതി പക്ഷമോ മറ്റോ കൊണ്ട് വരുന്ന പ്രമേയങ്ങൾ നിരസിക്കാനും സ്പീക്കർക്ക് അധികാരമുണ്ട്‌.അതായത് സ്പീക്കർ ആണ് സഭയുടെ അവസാന വാക്ക്.

ഇത്രയും അധികാരം ഉള്ള സ്പീക്കർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാരൻ ആണ് എങ്കിലും സ്പീക്കർ സ്ഥാനത്ത് എത്തിയാൽ പൂർണമായും നിഷ്പക്ഷമായിട്ടാണ് പ്രവർത്തിക്കേണ്ടത്.ഭരണ പക്ഷവും പ്രതി  പക്ഷവും എന്ന വേർ തിരിവില്ലാതെ നിയമ പ്രകാരം മാത്രമാണ്  പ്രവർത്തിക്കേണ്ടത്. പിന്നെ എന്തിന് എല്ലാ സഭയിലും ഭരണ കക്ഷിക്കാരൻ മാത്രം എക്കാലവും സ്പീക്കർ ആകുന്നു എന്നത് ഒരു ചോദ്യം ആണ്. ഭരണ പക്ഷത്തിനു ഭൂരി പക്ഷം ഉള്ളത് കൊണ്ട് എന്ന് പറയാമെങ്കിലും ആ ഭൂരി പക്ഷം ഉപയോഗിച്ച് ഒരു പ്രതിപക്ഷ ക്കാരനെ എന്തു കൊണ്ട് ചരിത്രത്തിൽ ഇന്നേ വരെ സ്പീക്കർ ആകിയിട്ടില്ല എന്നത് ഭരണ പക്ഷത്തിനു അനുകൂലമായി സ്പീക്കർ നിൽക്കും എന്ന് വായിക്കാമോ? അത് ഭരണ ഘടനാ വിരുദ്ധം ആകില്ലേ?

കേരള നിയമ സഭയിൽ 13 തീയതി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കും എന്ന് 
ധന മന്ത്രി കെ.എം. മാണി പറയുന്നു. മുഖ്യ മന്ത്രി ഉമ്മൻ  ചാണ്ടി ഏറ്റു പറയുന്നു. എല്ലാ മന്ത്രിമാരും ഭരണ കക്ഷി എം.എൽ.എ. മാരും ഏറ്റു പറയുന്നു. കോഴ വാങ്ങി എന്ന കേസിൽ പ്രതി ആയിരിക്കുന്ന  കെ.എം. മാണി യെ ഒരു കാരണ വശാലും നിയമ സഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രതി പക്ഷവും ഉറച്ചു നിൽക്കുന്നു. ഇതാണ്‌ അവസ്ഥ.
ഓരോരുത്തരും പുതിയ സമര തന്ത്രങ്ങളും ഉപായങ്ങളും ആസൂത്രണം ചെയ്യുന്നു. സഭയിൽ മാണിയെ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് സമരക്കാർ നിയമ സഭ വളയാൻ ഒരുങ്ങുന്നു.

ഇനിയാണ് കേരള നിയമസഭയുടെ അധ്യക്ഷൻ ആയ  ബഹുമാനപ്പെട്ട  സ്പീക്കറുടെ, ചുമതലയും ഉത്തരവാദിത്വവും പ്രാവർത്തികം ആക്കേണ്ട സന്ദർഭം വരുന്നത്. ഇവിടെയാണ്‌ സാധാരണ ജനങ്ങൾ സ്പീക്കറുടെ നേരേ പ്രതീക്ഷയോടെ നോക്കുന്നത്. ആ അദ്ധ്യക്ഷനിൽ നിന്നും ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നത്.

12 ആം തീയതി സഭ പിരിഞ്ഞതിനു ശേഷം പ്രതിപക്ഷ നിയമ  സഭാംഗങ്ങൾ സഭ  വിടാതെ അവിടെ തുടരുന്നു. അത് കണ്ട് ഭരണ കക്ഷി അംഗങ്ങളും, മുഖ്യ മന്ത്രിയും, ധന മന്ത്രിയും   മന്ത്രി മാരും ഉൾപ്പടെ,നിയമ സഭയിൽ രാത്രി മുഴുവൻ  കഴിയുന്നു. എല്ലാവരും  രാത്രി നിയമ സഭയിൽ   കഴിയുന്നത്‌  അനുവദനീയമാണോ?  ആരാണ് അതിന് അനുമതി നൽകിയത്?  അങ്ങിനെ അനുമതി നൽകാൻ എന്താണ് കാരണം? ഏത് നിയമം അനുസരിച്ചാണ്? അനുമതി നൽകിയില്ല  എന്നാണെങ്കിൽ ബലാൽക്കാരം ആയി അവർ  സഭ കയ്യേറിയത് ആണോ? അങ്ങിനെ യെങ്കിൽ  അവരെ എന്തു കൊണ്ട് ഒഴിപ്പിച്ചില്ല?  അതോ ഇതൊന്നും സ്പീക്കർ അറിഞ്ഞില്ല എന്നാണോ?

രാവിലെ സ്പീക്കർ സഭയിൽ എത്തുന്നതിനു മുൻപ് തന്നെ സഭ പ്രക്ഷുബ്ധമായിരുന്നു.പ്രതി പക്ഷ - ഭരണ പക്ഷ   എം.എൽ.എ. മാർ യഥാക്രമം,  തടയാനും തടയുന്നതിനെ തടയാനും തയ്യാറായി നിൽക്കുന്ന രംഗം ആയിരുന്നു.  നിയമ സഭയുടെ ക്യാമറയിൽ സ്പീക്കർ ഇതു കണ്ട്  കാണുമല്ലോ. കെ.എം. മാണി ഏതോ രഹസ്യ വഴിയിലൂടെ അകത്തു കടക്കുകയും ചെയ്തു. അവിടത്തെ സ്ഥിതി നിയന്ത്രണാതീതം ആയിരുന്നു എന്നത് സ്പീക്കർ കണ്ടു കാണുമല്ലോ. ഇത്രയും കലുഷിതമായ അന്തരീക്ഷത്തിൽ നിയമ സഭ പിരിച്ചു വിടാഞ്ഞത് എന്താണ്? പല സന്ദർഭങ്ങളിലും ഇങ്ങിനെയുള്ള സമയത്ത് തൽക്കാലമൊ അന്നത്തെയ്ക്കോ സഭ പിരിച്ചു വിട്ട കീഴ്വഴക്കം ഇതേ നിയമ സഭയിൽ നൂറു കണക്കിന് ഉണ്ടായിട്ടുണ്ടല്ലോ.

 സ്പീക്കർക്ക് അദ്ദേഹത്തിൻറെ മുറിയിൽ നിന്നും ഡയസിൽ എത്താൻ കഴിഞ്ഞില്ലല്ലോ. അവിടെ എത്താതെ എങ്ങിനെയാണ് സഭ വിളിച്ചു കൂട്ടുന്നത്‌?  സാധാരണ സ്പീക്കർ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നു. അംഗങ്ങൾ ആദര സൂചകമായി എഴുനേൽക്കുന്നു. സഭായോഗം  തുടങ്ങുന്നു. ഈ സഭയുടെ ഇന്ന് വരെയുള്ള കീഴ് വഴക്കം അതായിരുന്നല്ലോ. അതിൽ നിന്നും എന്തു കൊണ്ട് വ്യത്യസ്ഥമായി ഈ ഒരു ദിവസം മാത്രം?

ഡയസിൽ എത്താതെ എവിടെ നിന്നോ ബട്ജറ്റ് അവതരിപ്പിക്കാൻ വിളിച്ചു പറഞ്ഞ് അനുവാദം കൊടുക്കുകയും, വിളിച്ചു പറഞ്ഞത് കേട്ട് കാണുമോ എന്ന സംശയത്തിൽ കൈകൊണ്ട് അവതരിപ്പിച്ചോ എന്ന് ആംഗ്യം കാട്ടുകയും ചെയ്തു എന്നാണല്ലോ സ്പീക്കർ പറയുന്നത്. അതിനർത്ഥം സ്ഥിതി നിയന്ത്രണ വിധേയം ആയിരുന്നില്ല എന്നും സഭയുടെ നാഥന് സ്വന്തം ഇരിപ്പിടത്തിൽ പോലും എത്താൻ കഴിയാത്ത വിധം സംഘർഷാവസ്ഥ നിലവിലുണ്ടായിരുന്നു എന്നുമാണല്ലോ. അങ്ങിനെ ഉള്ള അവസരത്തിൽ എന്തിന് ബട്ജറ്റ്  അവതരണത്തിന് അനുമതി   നൽകി എന്നത് ജനങ്ങളോട് പറയാൻ സ്പീക്കർ ബാധ്യസ്ഥനല്ലേ?

ബട്ജറ്റ് എന്നത് സംസ്ഥാനത്തിന്റെ ഒരു വർഷത്തെ ഭാവി നിശ്ചയിക്കുന്ന ഒരു പ്രമാണം ആണ്. സംസ്ഥാനത്തെ ജനങ്ങൾ നൽകേണ്ട നികുതി നിശ്ചയിക്കുന്ന രേഖ ആണ്. ഇത്രയും വലിയ ഒരു രേഖ ആണ് ആൾ ക്കൂട്ടത്തിന് ഇടയിൽ നിന്നും മുഴങ്ങുന്ന ആരവങ്ങൾക്കിടെ  ആർക്കും കേൾക്കാനാകാതെ രണ്ടോ മൂന്നോ വരി വായിച്ച് കെ. എം.മാണി ബട്ജറ്റ് അവതരിപ്പിച്ചു എന്ന് വിജയ ഭേരി മുഴക്കിയത്.  ജനങ്ങൾക്ക്‌ വേണ്ടിയുള്ള ഈ ബട്ജറ്റ് ആണ് ഇങ്ങിനെ അവതരിപ്പിച്ച് ഭരണ കക്ഷി വിജയം ആഘോഷിക്കുന്നത്.

അങ്ങിനെയൊക്കെ ഉള്ള വളരെ പ്രധാന പ്പെട്ട ഒരു സംഭവത്തിനു ആണ് ആൾ ക്കൂട്ടത്തിൽ നിന്ന് ആംഗ്യം കാട്ടി അനുമതി നൽകി എന്ന് വിജയാഹ്ലാദത്തോടെ സ്പീക്കർ പറയുന്നത്.

 ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും 13 തീയതിയിലെ ബട്ജറ്റ് അവതരണം ഒരുഅഭിമാന  പ്രശ്നം ആയിരിക്കാം. പക്ഷെ സ്പീക്കർക്ക് അങ്ങിനെ ആയിക്കൂടല്ലോ..

2015, മാർച്ച് 11, ബുധനാഴ്‌ച

പാശ്ചാത്യർ

സിഡ്നിയിൽ ഇന്ത്യൻ യുവതി അതി ദാരുണമായി കൊലചെയ്യപ്പെട്ടു. പ്രഭ അരുണ്‍ കുമാർ എന്ന  IT  പ്രഫഷണൽ ആണ് വൈകുന്നേരം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ  ആക്രമിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു  സിഡ്നിയുടെ പ്രാന്ത പ്രദേശമായ വെസ്റ്റ് മെഡിൽ വച്ച് ഈ കൊലപാതകം നടന്നത്.

ഇതൊരു വംശീയ കൊലപാതകമാണോ എന്നൊന്നും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ന്യൂ സൌത്ത് വെയിൽസ് പ്രധാന മന്ത്രി മൈക്ക് ബെയാട് ഇത് വളരെ ഗൌരവമായി എടുത്തിട്ടുണ്ടെന്നും ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പറയുന്നു. നമ്മുടെ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നി തലയുടെയും പോലീസ് SIT അല്ല ഇത് എന്ന് നമുക്ക് കരുതാം. 

ആസ്ട്രേലിയൻ ഇന്ത്യാക്കാർ  സോഷ്യൽ മീഡിയയിൽ ഒന്നും പ്രതികരിച്ചു കണ്ടില്ല. അല്ലെങ്കിലുംപരസ്യമായി പ്രതികരിച്ച്  അവരുടെ നിലനിൽപ്പ്‌ അപകടത്തിൽ ആക്കണ്ട എന്നുള്ള ചിന്ത ആയിരിക്കും.എല്ലാവരും അങ്ങിനെ ആണല്ലോ. നമുക്ക് വരുന്നത് വരെ അതിനെ പറ്റി ചിന്തിക്കാറില്ല. 

പക്ഷെ പാശ്ചാത്യ സമൂഹം അങ്ങിനെ അല്ല. ജർമനി യിലെ  ഒരു പ്രോഫസ്സർ ഒരു ഇന്ത്യൻ വിദ്യാർത്ഥി യ്ക്ക് internship ന്‌ അവസരം നിഷേധിച്ചിരിക്കുന്നു.  അന്നെറ്റ് ജി. ബക്ക് സിക്കിന്ജർ  എന്ന ലൈപ്സിഗ് യുണി യുടെ പ്രോഫസ്സർ ആണ് പറയുന്നത് ഇന്ത്യയിൽ ബലാൽസംഗം  പ്രശ്നമുള്ളതു കൊണ്ട് ഇൻഡ്യൻ വിദ്യാർത്ഥി കൾക്ക് പ്രവേശനം നൽകില്ലത്രെ. കൂടെ പഠിക്കാൻ പെണ്‍ കുട്ടികളുമുണ്ട്. അതിനാൽ പറ്റില്ല എന്ന്.

2015, മാർച്ച് 10, ചൊവ്വാഴ്ച

വിതുമ്പിയ മന്ത്രി





"ഓർമകൾക്ക് മുന്നിൽ........   ഡി.സി.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന ജി.കാർത്തികേയൻ അനുശോചനയോഗത്തിൽ പ്രസംഗത്തിനിടയിൽ വിതുമ്പിയ മന്ത്രി രമേശ്‌ ചെന്നിത്തല വികാരാധീനനായി മടങ്ങുന്നു.മുഖ്യ മന്ത്രിയും പ്രതി പക്ഷ നേതാവും ഇ.കെ. ആന്റണിയും വിവിധ കക്ഷി നേതാക്കളും വേദിയിൽ."

 മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷന്റെ 'നഗരം' ത്തിൽ  മാർച്ച്‌ 10 ന് വന്ന പടവും അടിക്കുറിപ്പും ആണിത്.

ഈ പത്രക്കാരെ സമ്മതിച്ചു കൊടുക്കണം. ഇരിക്കാൻ പറയുന്നതിന് മുൻപ് തന്നെ നിലത്തിഴഞ്ഞു കാൽ നക്കുന്ന സ്വഭാവം.

മന്ത്രി ചെന്നിത്തല "വിതുമ്പി" അത്രേ. അത് കഴിഞ്ഞ് "വികാരാധീനനായി മടങ്ങുന്നു".  എന്താണിത്ര വിതുമ്പാൻ? താങ്ങി താങ്ങി തല താണിട്ടും വീണ്ടും താങ്ങുന്ന ഈ പത്രക്കാരാണ്‌ ഇന്ന് കേരളത്തിന്റെ ശാപം.

രാഷ്ട്രീയക്കാർ എന്തെങ്കിലും നാടകം കാണിക്കുന്നു. അതിനെ ഈ രീതിയിൽ ആക്കുന്നു നട്ടെല്ലില്ലാത്ത പത്ര പ്രവർത്തകർ.

ഇനി ആ ചിത്രത്തിൽ ഒന്ന്  സൂക്ഷിച്ചു നോക്കൂ. മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇരുന്നു സുഖമായി ഉറങ്ങുന്നു. ( എങ്ങോട്ട് തിരിഞ്ഞാലും അഴിമതി ആരോപണം. ഊണിലും ഉറക്കത്തിലും. ഈ വേദിയിൽ  മാത്രമാണ് രക്ഷ. അതു കൊണ്ട് ആണ് തൊട്ടടുത്ത്‌ വി.എസ്.അച്ചുതാനന്ദൻ ഇരുന്നിട്ടും ഉമ്മൻ ചാണ്ടി സ്വസ്ഥമായി ഉറങ്ങുന്നത്). 

ഇനി " മുഖ്യ മന്ത്രി ദുഃഖം കൊണ്ട് കണ്ണടച്ച് വിതുമ്പുന്നു"എന്ന് പത്രക്കാരൻ എഴുതുമോ ആവോ?

അതിനപ്പുറം കുഞ്ഞാലി കുട്ടിയെ നോക്കൂ.അതും ഉറക്കം തുടങ്ങിയ മട്ടാണ്. മന്ത്രി സഭയിൽ രണ്ടാം സ്ഥാനമല്ലേ? മുഖ്യ മന്ത്രി ഉറങ്ങിയാൽ രണ്ടാം മന്ത്രിയ്ക്ക് എന്ത് കൊണ്ട് ചെയ്തു കൂടാ?അതോ  വിതുമ്പുകയാണോ?

അതിനപ്പുറം നോക്കൂ പി.പി. തങ്കച്ചൻ. യു.ഡി.എഫ്. കണ്‍ വീനർ. അങ്ങേര് ഉറക്കത്തിന്റെ രണ്ടാം ഘട്ടം എത്തി. മീറ്റിംഗ് തുടങ്ങിയപ്പോഴേ ഉറങ്ങി തുടങ്ങി ക്കാണും.കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വേറെ ജോലി ഒന്നും ഇല്ല. യു.ഡി.എഫ്. കണ്‍ വീനർ എന്ന പദവി മാത്രം.  സ്ഥിരം ഉറക്കം.  ഇനി അങ്ങേര് വിതുമ്പി കിടക്കുകയാണെന്ന് പത്രക്കാരൻ എഴുതുമോ?

കോടിയേരി ബലം പിടിച്ച് ഇരിക്കുകയാണ്. ഉറക്കം കണ്‍ പോളകളിൽ ഉണ്ട്. ഈ ബൂർഷ്വാ കോണ്‍ഗ്രസ് കാരെ പ്പോലെ ഉറങ്ങാൻ പറ്റുമോ ഒരു വിപ്ലവ പാർട്ടിയ്ക്ക്? 

2015, മാർച്ച് 8, ഞായറാഴ്‌ച

വനിതാ ദിനം


Yatra Naryastu Pujyante, Ramante Thatra Devata,

Yatraitaastu Na Pujyante Sarvaastatrafalaah kriyaa.

यत्र नार्यस्तु पूज्यन्ते रमन्ते तत्र देवता: ।
यत्रैतास्तु न पूज्यन्ते सर्वास्तत्राफला: क्रिया: ।।

-മനു സ്മൃതി 


"എവിടെ സ്തീയെ ബഹുമാനിക്കുന്നുവോ അവിടെ ദിവ്യത്വം ശോഭ വിടർത്തും. എവിടെ സ്ത്രീയെ അപമാനിക്കുന്നുവോ അവിടെ എത്ര മഹത്തരമായ പ്രവൃത്തികളും നിഷ്ഫലം."

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം. ഏതൊരു വനിതാ ദിനം പോലെ ഇതും കടന്നു പോകും. ലോകമെമ്പാടും അനേകം സ്തീകൾ ആക്രമിക്കപ്പെടും. അനേകം സ്ത്രീകൾ പീഡിക്കപ്പെടും, അനേകം സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്ക്‌  ഇരയാകും. പ്രസംഗങ്ങളും പ്രസ്താവനകളും കൊണ്ട് ഭരണാധികാരികളും ഈ ദിനം അവസാനിപ്പിക്കും. സ്ത്രീ സംഘടനകളുടെ സ്ഥിതിയും മറ്റൊന്നല്ല. വലിയ വായിൽ നടത്തുന്ന കുറെ പ്രഖ്യാപനങ്ങൾ അവർ നടത്തും. "സ്ത്രീ ശാക്തീകരണം" എന്ന ഓക്കാനം വരുന്ന "ക്ലീഷെ" വീണ്ടും വീണ്ടും  ഉപയോഗിച്ച് അവർ ആത്മ നിർവൃതി അടയും.

ഭരണത്തിൽ എത്താത്തതാണ് ഈ ദുസ്ഥിതിയ്ക്ക് കാരണം എന്ന് സ്ത്രീകൾ പറയുന്നു.എത്തിയ സ്ഥലത്തെ കാര്യങ്ങൾ നോക്കാം. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് സംവരണം ഉണ്ട്. അവരവിടെ എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവരുടെ ഭർത്താക്കന്മാർ,അഥവാ പുരുഷന്മാർ  ആണ് അവിടെ 'പിൻ സീറ്റ് ഭരണം' നടത്തുന്നത്. ഒരു വനിതാ കമ്മീഷൻ ഉണ്ട്. അവരെന്തു ചെയ്യുന്നു എന്ന് അവർക്ക് തന്നെ അറിയില്ല. ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങി സുഖിച്ചു കഴിയുന്നു. ഒരു ബലാൽ സംഗമൊ, സ്ത്രീ പീഡനമോ നടന്നാൽ ഇവർ എന്ത്  ചെയ്യും? ആദ്യം നോക്കുന്നത് കുറ്റക്കാരൻ സാമ്പത്തികമായി  എത്ര ഉന്നത സ്ഥിതിയിൽ ആണെന്നാണ്‌. അത് പോലെ എത്ര രാഷ്ട്രീയ, ഉന്നത  പിടിപാട് ഉണ്ടെന്നാണ്. അതനുസരിച്ച് ഇരകളെ വലിച്ചെറിഞ്ഞ് പ്രതികളെ രക്ഷിക്കാനുള്ള തിരക്കിലാണവർ.ഇപ്പോൾ കൊലപാതകം നടത്തി.ഇത്തവണത്തെ വനിതാ ദിനം പ്രമാണിച്ച് വനിതാ കമ്മീഷൻ ഒരു സെമിനാർ വച്ചിട്ടുണ്ട്. വിഷയം സ്ത്രീ ശാക്തീകരണം.  സുഖമായി നടക്കുന്ന നിഷാം എന്ന രാഷ്ട്രീയ,പോലീസ് കാരുടെ ഓമന കുറെ മുൻപ് ഒരു വനിതാ പോലീസിനെ കാറിനുള്ളിൽ പൂട്ടിയിട്ടു. എന്നിട്ട് ഇവിടെ എന്ത് സംഭവിച്ചു? എത്ര വനിതാ സംഘടനകൾ ഇതിൽ പ്രതികരിച്ചു? ആരുമില്ല.

രാഷ്ട്രീയപാർട്ടികളും  വനിതകളെ സൌകര്യമായി തഴയുന്നു. സ്ഥിരം ഭരണത്തിൽ വരുന്ന കോണ്‍ഗ്രസ്സ്,അവരുടെ കെ.പി.സി.സി.യുടെ പ്രസിഡന്റ് ആയി ഏതെങ്കിലും വനിതകൾ വന്നിട്ടുണ്ടോ? അതുപോലെ മാർക്സിസ്റ്റ് പാർട്ടി. കഴിവുള്ള വനിതകളെ ആണുങ്ങൾ ഒതുക്കുന്നു. പേരിന് ഏതെങ്കിലും ഒരു പദവി  കൊടുക്കുന്നു. അത്ര മാത്രം. കോണ്‍ഗ്രസ്സ് കേന്ദ്ര പ്രസിഡന്റ് സോണിയ ഗാന്ധി.അവരെ മുന്നിൽ നിർത്തി അധികാരം അനുഭവിക്കുകയാണ് ആണുങ്ങൾ.     

സ്ത്രീകളുടെ മനോഭാവം ആണ് ഇത്തരം ഒരു തലത്തിൽ വനിതകൾ എത്തി നിൽക്കുന്നതിന്റെ കാരണം.  അബലകളായി അവർ സ്വയം അവരോധിക്കുന്നു. എല്ലാറ്റിനും പുരുഷൻറെ ചിറകിൽ നിൽക്കാൻ വെമ്പൽ കൊള്ളുന്നു. ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ ഉള്ള എളുപ്പ വഴി ആണ് ഇത്. അതാണ്‌ എന്നും പുരുഷൻറെ കീഴെ  അവരെ ആക്കുന്നതും. സ്ത്രീ ശക്തി ആണെന്ന് ഭാരതീയ പുരാണങ്ങളിൽ പറയുന്നത്. പക്ഷേ പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ട്ടരായി ഭാരത  സ്ത്രീകൾ ആ ശക്തി കളഞ്ഞു കുളിക്കുകയാണ്.

മൂന്നു തവണ ഒരു വാക്ക് ഉച്ചരിച്ചാൽ നിയമപരമായി കെട്ടിയ പെണ്ണിനേയും ഇട്ടെറിഞ്ഞു പുരുഷനു പോകാം.പറയാൻ പാടില്ല കാരണം മതം.ശിരോ വസ്ത്രം അണിഞ്ഞപ്പോൾ കണ്ണ് പുറത്തു കാണിച്ചു എന്നതിന് സ്ത്രീയെ  കൊല്ലുക. കൂടുതൽ പറഞ്ഞാൽ മത നിന്ദ ആകും.എല്ലാ മത മേലാവികളും ഇങ്ങിനെ സ്ത്രീകൾക്ക് എതിരെ മാത്രം ഇത്തരം നീചമായ നിയമങ്ങൾ എന്തു കൊണ്ട് നടപ്പാക്കുന്നു? പുരുഷൻ ചെയ്യുന്ന അതെ ജോലി സ്ത്രീ ചെയ്യുന്നു  പക്ഷെ  സ്ത്രീകൾക്ക് ശമ്പളം കുറവ്. ഇതിനെതിരെ ഒന്നും പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകുന്നില്ല.

ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുൻപ് മനുസ്മൃതിയിൽ പറഞ്ഞതാണ് മുകളിൽ ഉദ്ധരിച്ചത്.  ഒരു ആണ്‍  സുഹൃത്ത് എസ്.എം.എസ്.അയച്ചത്.   അതാണ്‌ ഇത്രയും ചിന്തിക്കാൻ  പ്രചോദനമായത്.

ഇനിയെങ്കിലും സ്ത്രീകൾ ശരിയായി ചിന്തിക്കൂ. പ്രവർത്തിക്കൂ 

2015, മാർച്ച് 5, വ്യാഴാഴ്‌ച

എന്താണ് കോർട്ടലക്ഷ്യം?

ഹൈക്കോടതി ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയാണോ എന്ന് സംശയം തോന്നി തുടങ്ങിയിരിക്കുന്നു.

തങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ അല്ലാതെ വരുന്ന കോടതി വിധികളെ എല്ലാം ശക്തമായി കടന്നാക്രമിയ്ക്കുന്ന ഒരു രീതിയാണ് ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കൈക്കൊള്ളുന്നത്.   രാഷ്ട്രീയ പാർട്ടികളുടെ, വഴിയടച്ചു കൊണ്ടുള്ള മീറ്റിങ്ങുകൾ നിരോധിച്ച  ഹൈക്കോടതി ജഡ്ജിയെ ഒരു മാർക്സിസ്റ്റ് പാർട്ടിക്കാരൻ  "ശുംഭൻ" എന്ന് വിളിച്ചു. അത് കോടതി അലക്ഷ്യം തന്നെ എന്ന് തീരുമാനിച്ച കോടതി 6 മാസം ശിക്ഷിക്കുകയും ചെയ്തു.സുപ്രീം കോടതി അതിനെ വെട്ടിക്കുറച്ചു.

അതിനു ശേഷവും പാർട്ടി ഭേദമന്യേ എല്ലാവരും കോടതികളെ ഒളിഞ്ഞും തെളിഞ്ഞും ഭൽസിക്കുന്നുണ്ട്.കോടതി പലതും കണ്ടില്ല എന്ന് നടിക്കുന്നു.  ഉത്തരത്തിന്റെ വളവും ആശാരിയുടെ പണിക്കുറ്റവും എന്ന് കൂട്ടിക്കോളൂ.


ബാർ/ മദ്യ നായ കേസിൽ എറണാകുളത്തെ ക്രൌണ്‍ പ്ലാസ എന്ന ഹോട്ടലിനു   നഗര സഭ ബാർ പുതുക്കി നൽകാത്തത്  കെ.പി.സി.സി. പ്രസിഡന്റ് ഇറക്കിയ ഒരു സർക്കുലർ അനുസരിച്ചാണ്‌ എന്നുള്ളത് കൊണ്ട് അങ്ങേർക്ക് അങ്ങിനെ ഒരു അധികാരം ഇല്ലെന്നും അങ്ങേര് ഒരു ഭരണ ഘടന സ്ഥാപനം ആയി പെരുമാറരുത്‌ എന്നും  ഹൈ കോടതി പറഞ്ഞു. രണ്ടാഴ്ചക്കകം ലൈസൻസ് നൽകാനും പറഞ്ഞു.  ഇതിന്  സുധീരൻ കോടതി അധികാര പരിധി വിടുന്നു എന്ന് പറഞ്ഞു കുറെ വിമർശിച്ചു. ഇനിയും ഇങ്ങിനെ സർക്കുലർ ഇറക്കും എന്നും വീമ്പ് പറഞ്ഞു. ഇങ്ങേരെന്താ ഇന്ത്യൻ പ്രസിഡന്റ് ആണോ?

 സംസ്ഥാനത്ത് ഒരു മദ്യ നയം ഉണ്ട്. അത് പ്രകാരം 5 സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാം. പിന്നെ ഈ നഗര സഭ എന്ത് കൊണ്ട് കൊടുത്തില്ല? അതു സുധീരന്റെ  സർക്കുലർ ഉള്ളത് കൊണ്ടാണ്എന്നതു സുവിദിതം.

ഇപ്പോൾ കോടതിയെ ചീത്ത പറയേണ്ട  ടേണ്‍ കോണ്‍ഗ്രസ്സിന്റെതാണ്. അതിന്റെ വൈസ് പ്രസിഡന്റ് കെ.പി.അനിൽ കുമാർ ആണ് ഇത്തവണ കോടതിയ്ക്ക് ഈ കേസിൽ നിക്ഷിപ്ത താൽപ്പര്യം ഉണ്ടെന്ന് റിപ്പോർട്ടർ ചാനലിൽ പരസ്യമായി പറഞ്ഞത്.

എന്താണ് നിക്ഷിപ്ത താൽപ്പര്യം എന്ന് പറഞ്ഞാൽ അർത്ഥം? നീതിയോ നിയമമോ നോക്കിയല്ല വിധി എന്നാണ് അതിനർത്ഥം. അതായത്  ന്യായത്തിന് അതീതമായി കോടതി ജഡ്ജി മാർക്ക്  മറ്റെന്തോ താൽപ്പര്യം ഉണ്ട് എന്ന്. ജഡ്ജിയുടെ ബന്ധുക്കളുടെതോ മറ്റോ ആകാം ഈ ബാർ ഹോട്ടൽ.അപ്പോൾ നിക്ഷിപ്ത താൽപ്പര്യം ഉണ്ടാകാം. അല്ലെങ്കിൽ ജഡ്ജി പണം വാങ്ങിയിട്ടുണ്ടാകാം. അല്ലെങ്കിൽ പണത്തിനു പകരം എസ്റ്റെറ്റോ മറ്റെന്തെങ്കിലും വാങ്ങിയിട്ടുണ്ടാകാം. അതുമല്ലെങ്കിൽ റിട്ടയർ ചെയതതിനു ശേഷം എന്തെങ്കിലും നല്ല ജോലി വാഗ്ദാനം കിട്ടിയിരിയ്ക്കാം. ഇതൊക്കെയാണ് നിക്ഷിപ്ത താൽപ്പര്യം. 

ഇത് അറിയാതെ പറഞ്ഞു പോയതല്ല. (അതായത് slip of the tongue അല്ല). മനപൂർവം അത് ഉദ്ദേശിച്ചു തന്നെ പറഞ്ഞതാണ്. കാരണം ടി.വി.അവതാരകാൻ ചോദിക്കുന്നുണ്ട്.കോടതിയ്ക്ക് എന്താണ് നിക്ഷിപ്ത താൽപ്പര്യം എന്ന്. അപ്പോഴും പറയുകയാണ്‌ കാരണം ചൂണ്ടിക്കാട്ടി നിക്ഷിപ്ത താൽപര്യം ഉണ്ടെന്ന്. 

 ഇതൊക്കെ കോടതി അലക്ഷ്യമാണോ? അതോ പാവപ്പെട്ടവർ പറയുന്നത്‌ മാത്രമേ  കോടതി അലക്ഷ്യം  ആകുവോ? അധികാരത്തിൽ ഇരിക്കുന്നവർക്ക് എന്തും പറയാമോ?




2015, മാർച്ച് 2, തിങ്കളാഴ്‌ച

ആന്റണി.

"കുറ്റി ചൂലുകളെ നിർത്തിയാലും ജനം ജയിപ്പിയ്ക്കുന്ന കാലം കഴിഞ്ഞു".- എ.കെ. ആന്റണി.

ആ സത്യം നേരത്തെ മനസ്സിലാക്കിയത് കൊണ്ടാണ്   ഇലക്ഷനിൽ നിൽക്കാതെ നേരെ രാജ്യ സഭയിൽ കയറി പറ്റിയത്.  




രാഹുൽ ഗാന്ധി പൂർവ്വാധികം ശക്തിയായി തിരിച്ചു വരും എന്നൊരു പ്രവചനം കൂടി  നടത്തിയിരിയ്ക്കുകയാണ്  ഈ മഹാൻ.  നെഹ്‌റു കുടുംബത്തെ സേവിച്ച് മതിയായിട്ടില്ല അദ്ദേഹത്തിന്.  രാഹുൽ ഗാന്ധിയുടെ കൊച്ചിനെ കൂടി കളിപ്പിച്ചിട്ട് രംഗം വിടാം എന്നാണ് ചിന്ത. അതിന് രാഹുൽ കല്യാണം കഴിയ്ക്കുന്നതും ഇല്ല. ഇപ്പം രാഹുലിനെ കാണാനുമില്ല.കഷ്ടം. ഇനി എന്ത് ചെയ്യും? കേരളത്തിൽ ആണെങ്കിൽ ചാണ്ടി അടുപ്പിയ്ക്കുന്നതും ഇല്ല.








 ഡൽഹിയിൽ മന്ത്രി ആയിരിക്കുമ്പോൾ വന്നതാണ് ഈ പച്ച തൊപ്പി. എന്തിനാണ് ഇതെന്ന് ഒരു പിടിയും ഇല്ല. ( മുസ്ലിം ലീഗിനെ സന്തോഷിപ്പിയ്ക്കാനാണോ ഈ പച്ച) പ്രധാനപ്പെട്ട പ്രതിരോധ വകുപ്പ് അല്ലേ കയ്യിൽ.വലുതായിട്ട് ഒന്നും ചെയ്യാനുമില്ല, ഭരണവും കോഴ വാങ്ങലുമെല്ലാം നേരിട്ട് ഹൈ കമാൻഡ് ആണ്. എന്നാൽ ജാള്യം മറയ്ക്കാൻ ഒരു തൊപ്പി ആകട്ടെ എന്ന് വിചാരിച്ചു വച്ചതായിരിയ്ക്കും.

2015, മാർച്ച് 1, ഞായറാഴ്‌ച

ബഡ്ജറ്റ






"കേന്ദ്ര ബഡ്ജറ്റിൽ ഒന്നുമില്ല." മാണി.  

ഞാനായിരുന്നുവെങ്കിൽ എത്ര കോടി ഈ പെട്ടിയ്ക്കകത്ത് ഇരുന്നേനെ.