Friday, October 6, 2017

ഹർത്താൽ

ഹർത്താൽ വേണ്ട എന്ന് പറഞ്ഞ ആളാണ് എം.എം  ഹസൻ. അത് ഏതോ നിമിഷത്തിൽ കയ്യടി കിട്ടാൻ. എ ഗ്രൂപ്പിനാകാമെങ്കിൽ എന്ത് കൊണ്ട് ഐ ക്കു ആയിക്കൂടാ? ഹർത്താൽ നിരോധിക്കാൻ ഒരു ബില്ല് തന്നെ കൊണ്ട് വന്നു ചെന്നിത്തല  രമേശ്. ഒന്ന് കെപിസിസി പ്രസിഡന്റ് മറ്റേതു പ്രതിപക്ഷ നേതാവ്. ഇവര് രണ്ടും കൂടിയാണ് പുതിയ ഹർത്താൽ നടത്തുന്നത്. ബ്ലോക്ക്-പഞ്ചായത്ത്-ജില്ലാ ലെവൽ ആയിരുന്നു ഇത്രയും നാൾ. രാവിലെ എണീക്കുമ്പോൾ കേൾക്കാം ഇന്ന് പഞ്ചായത്തിൽ ഹർത്താൽ. അതൊക്കെ  കഴിഞ്ഞു വീണ്ടും സംസ്ഥാന ലെവൽ.  13 ന് നിശ്ചയിച്ചു. അപ്പോഴാണ് ഫുട്ബാൾ കളി. അതിനെന്താ? മാറ്റി  16ന് ആക്കി മാറ്റി. 

ഹർത്താൽ അസൗകര്യം ആണെന്ന് ചെന്നിത്തലക്ക് അറിയാം. അസൗകര്യം ആയ ഹർത്താൽ എന്തിനു അടിച്ചേൽപ്പിക്കുന്നു?നടത്തുന്നു? രാവിലെ 10 മണിക്ക് കുളിച്ചു കുട്ടപ്പനായി എ.സി.കാറിൽ  എത്തും നേതാക്കൾ സെക്രട്ടേറിയറ്റ് നടയിൽ. വെയില് കൊണ്ട് തളർന്ന അണികളെ പ്രകോപ്പിക്കും. എന്നിട്ടു സ്ഥലം വിടും ആ മണ്ടന്മാർ പാവം പോലീസിനെ കല്ലെറിഞ്ഞു അടി കൊണ്ട് തലയും പൊട്ടി ആശുപത്രിയിൽ. ഒരു ഹർത്താലിന്റെ വിജയം അങ്ങിനെ. ഇതാണ് ക്രിയാത്മക പ്രതിപക്ഷം.

  കൊച്ചി ക്കാർക്കു അസൗകര്യം ആകുമത്രേ. അതെന്താ ഞങ്ങള്  കോഴിക്കോട് കാർക്കും കാസർഗോഡുകാർക്കും തിരുവനന്തപുരത്തു കാർക്കും അസൗകര്യം ഒന്നും ഇല്ലേ? കൊച്ചിക്കാരുടെ അസൗകര്യം മാത്രം നോക്കിയാൽ മതിയോ?   ഒക്ടോബർ  16 ഞങ്ങൾക്ക് അസൗകര്യം ആണ്. പല പ്രശ്നങ്ങൾ. കല്യാണം, പരീക്ഷ, ചോറൂണ്  അങ്ങിനെ പലതും. അത് കൊണ്ട് മിസ്റ്റർ ചെന്നിത്തലേ ഹർത്താൽ  16 ൽ നിന്നും മാറ്റൂ.  സൗകര്യമായ ഡേറ്റ് ഞങ്ങൾ അറിയിക്കാം.

Wednesday, October 4, 2017

പാവം ചാനൽ


 ഇന്നലെ ചാനലുകളുടെ ദുഃഖ ദിവസമായിരുന്നു. ചർച്ചകൾക്കു ഒരു വിഷയം നഷ്ട്ടപ്പെട്ട ദുഃഖം. മൂന്നു മാസമായി ലൈവ് ആയി നില നിർത്തി ചർച്ചകൾ നടത്തിയ ദിലീപ് വിഷയം തീർന്നു കഴിഞ്ഞു. ദിലീപ് ജാമ്യത്തിൽ ഇറങ്ങി. ഇനി വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കണം ചർച്ച തുടങ്ങാൻ. ഇത് ദിലീപിന്റെ വിജയ മായിരുന്നോ എന്ന വിഡ്ഢി ചോദ്യം ആയിരുന്നു  ഇന്നലത്തെ  അന്തിചർച്ചാ വിഷയം! സിനിമാ വിജയിച്ചോ എന്ന് ചോദിക്കുന്ന ലാഘവത്തോടെ!  ചർച്ചയിൽ സ്ഥിരം വേഷങ്ങൾ.റിട്ടയേർഡ് നടന്മാർ, റിട്ടയേർഡ് പോലീസുകാർ, കേസില്ലാ  വക്കീലന്മാർ. ഒരേ പല്ലവി. പക്ഷെ ഒരു കാര്യം കാണാൻ കഴിഞ്ഞു.  ദിലീപിനെ ഇത്രയും നാൾ  അനുകൂലിക്കുന്നവർ കുറേക്കൂടി ഊർജസ്വലരായി. അവരുടെ ആഹ്ലാദം പ്രകടമായിരുന്നു.അത് പോലെ  ശക്തിയുക്തംഎതിർത്തു കൊണ്ടിരുന്നവർ പെട്ടെന്നങ്ങു മയത്തിലായി.  ക്വട്ടേഷൻ പേടിച്ചിട്ടാണോ ആവോ?  

കഴിഞ്ഞ 85 ദിവസമായി ചാനലിൽ  ചർച്ചകൾ നടക്കുന്നു. എല്ലാം ദിലീപ് എന്ന വ്യക്തിക്കെതിരായി. ദിലീപ് പ്രതിനിധാനം ചെയ്യുന്ന സിനിമ ക്കുള്ളിലെ ഗുണ്ടായിസത്തിനെതിരെ, അവിടെ നടമാടുന്ന ലൈംഗിക അരാജകത്വത്തി നെതിരെ ഒരു വാക്കു പറയാനോ അതിലെ മാഫിയകളെ പുറത്തു കൊണ്ടു വരാനോ ഒരൊറ്റ ചാനലും ശ്രമിച്ചില്ല എന്ന സത്യം ജനങ്ങളെ നോക്കി പല്ലിളിക്കുന്നു. സിനിമ ചാനലുകളുടെ കഞ്ഞിയാണ്. അതില്ലെങ്കിൽ ചാനലുകൾ പട്ടിണിയിൽ ആകും. അത് കൊണ്ട്  ഒരു ഒത്തു കളി. ചാനലുകൾക്ക് റേറ്റിങ് അല്ലേ പ്രധാനം. വിനുവും വേണുവും രാമനും സ്‌മൃതിയും ഒക്കെ കിടന്നു ആളായി വിളിക്കുന്നത് അതിനു വേണ്ടിയാണല്ലോ.വിഡ്ഢികളായ   ജനങ്ങൾ

  

Monday, October 2, 2017

മദ്യ നയം

മദ്യ നയത്തിൽ ജനഹിതം തേടുക. സുധീരന്റെ സുധീരമായ പ്രസ്താവന ആണിത്.  ഇടതു സർക്കാർ കൊണ്ട് വന്ന മദ്യ നയത്തെ എതിർക്കാനാകാതെ നാണം കെട്ടു   നിൽക്കുന്ന  കോൺഗ്രസ്സിന്റെ കള്ളക്കളി ആണ് ഈ വാക്കുകൾ. തെരെഞ്ഞെടുപ്പ് സമയത്തു മദ്യ നിരോധനം അല്ല മദ്യ വർജ്ജനമാണ് തങ്ങളുടെ നയം എന്ന് പതിയെ പറഞ്ഞു നയം വ്യക്തമാക്കാത്ത  ഒരു നയം ആയിരുന്നു എൽ.ഡി. എഫി ന്റെത്. അന്നേ  സാമാന്യ വിവരം ഉള്ളവർക്ക് അറിയാമായിരുന്നു  ഇടതു വന്നാൽ ബാറുകൾ എല്ലാം തുറക്കുമെന്ന്. അത് തന്നെ സംഭവിച്ചു. ഇപ്പോഴാണ് ജനം പ്രതീക്ഷിച്ച അവരുടെ നയം വ്യക്‌തമായത്. യു.ഡി.എഫ്. പൂട്ടിച്ച ബാറുകൾ എല്ലാം തുറപ്പിച്ചു. യു,ഡി,എഫ്  മനസ്സിൽ സന്തോഷിക്കുന്നുണ്ടാകാം ബാറുകൾ തുറന്നതിനു. ദുഖവും ഉണ്ടാകും. കിട്ടാനുള്ള കോഴക്കാശു പോയതിൽ.അത് കൊണ്ടാണ് അതിനെതിരെ കോൺഗ്രസ്സ് പ്രതിരോധം  ദുർബ്ബലമായിപ്പോയത്‌. 

ജനഹിതം -റഫറണ്ടം- വേണമെന്നാണ് ഇപ്പോൾ സുധീരൻ പറയുന്നത്.  സുധീരൻ മാഷേ യുഡിഫ്  കൊണ്ട് വന്ന മദ്യ നയം ജനഹിതത്തിലൂടെ ആയിരുന്നോ? ബാർ അടയ്ക്കണമെന്ന് നിങ്ങൾ പറഞ്ഞു. പറ്റില്ല എന്ന് ചാണ്ടിയും ബാബുവും മാണിയും കൂട്ടരും. എല്ലാവരും പറഞ്ഞു. നിങ്ങൾ കടും പിടിത്തം പിടിച്ചു. ചാണ്ടിയല്ലേ ആള്.  എന്നാ ഒരുത്തനും മിടുക്കാനാവണ്ട എന്ന് പറഞ്ഞു ചാണ്ടി എല്ലാ ബാറും പൂട്ടിച്ചു. അതല്ലേ ഉണ്ടായത്. എന്നിട്ടിപ്പം ജനഹിതം പറഞ്ഞു വന്നിരിക്കുന്നു. നിങ്ങളുടെ ശബ്ദത്തിനു വിലയില്ലാ തായിരിക്കുന്നു. എ ഗ്രൂപ്പും ഐ. ഗ്രൂപ്പും ഒത്തു തീർപ്പിൽ എല്ലാം പങ്കിട്ടെടുക്കുന്നു. സുധീരൻ നിങ്ങൾ  മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധി.

   

Thursday, September 28, 2017

കമലഹാസൻ

"മോദി അത് നടപ്പാക്കാൻ ചെയ്യാൻ തുടങ്ങി -മറ്റുള്ളവർ വാഗ്‌ദാനം മാത്രം  നൽകിയപ്പോൾ" കമൽ ഹാസൻ.

മുങ്ങിത്താഴുമ്പോൾ കാണിക്കുന്ന വെപ്രാളമാണ് ഇപ്പോൾ മാർക്സിസ്റ് പാർട്ടി കാണിക്കുന്നത്. ഏതു വൈക്കോൽ ത്തുരുമ്പിലും കയറി പിടിക്കും. അത് കച്ചിത്തുരുമ്പാണെന്ന അറിവോടെ തന്നെ. അത് രക്ഷപ്പെടുത്തില്ല എന്ന അറിവോടെ തന്നെ. പക്ഷെ രക്ഷപ്പെടാനുള്ള  അവസാനത്തെ ശ്രമം. അങ്ങിനെ മാർക്സിസ്റ്റുകാർ കയറിപ്പിടിച്ചിരിക്കുന്ന അവസാന  കച്ചിത്തുരുമ്പാണ് . സിനിമാ താരം കമലാഹാസൻ.

കമ്മ്യുണിസ്റ്റ് പാർട്ടി അപ്രസക്തമായിട്ടു കാലം ഏറെയായി. എങ്ങിനെയോ പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടി വേര് പിടിച്ചു.   പക്ഷെ തങ്ങളുടെ തെറ്റ്  മനസ്സിലാക്കാൻ ബംഗാളികൾക്ക്  മറ്റൊരു  34  വർഷം വേണ്ടി വന്നു. അപ്പോഴേയ്ക്കും ബംഗാൾ ഏതാണ്ട് പൂർണമായും  നശിച്ചു കഴിഞ്ഞിരുന്നു. കൃഷിയും വ്യവസായവും നശിച്ചു. വിദ്യാഭ്യാസവും വികസനവും അധോഗതി ആയി. പട്ടിണി കൊണ്ട് ജനങ്ങൾ നാട് വിട്ടു ഓടിത്തുടങ്ങി.  പതിനെട്ടാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായ  മഹാ ക്ഷാമം പോലെ ഒരു സാഹചര്യം. അന്ന്  പലായനം ചെയ്തത് പോലെ ഒരു പലായനം ആണ് ഇന്ന് നമ്മൾ കാണുന്നത്. ബംഗാളിൽ  നിന്നും പട്ടിണി മൂലം ജനം കേരളത്തിലേ യ്ക്കു  കൂട്ടമായി വരികയാണ്.പക്ഷേ ബംഗാളികൾ ഒരു കാര്യം ചെയ്തു. വളരെ  താമസിച്ചു പോയെങ്കിലും  വൈരാഗ്യ ബുദ്ധിയോടെ ജനം കമ്യുണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞു.  

സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യ സഭാ അംഗമാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. സാധിച്ചില്ല. മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുക്കാനുള്ള സംഖ്യ ബലം ആ പാർട്ടിക്ക് ഇല്ലാതെ പോയത് ഭരണത്തിന്റ ഗുണം ഒന്ന് കൊണ്ട് മാത്രമാണല്ലോ. അവിടെയും കോൺഗ്രസ്സിന്റെ പിന്തുണയിൽ ജയിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കി. യെച്ചൂരിയുടെ ആജന്മ ശത്രുവായ പിണറായിയും അദ്ദേഹത്തിന്റെ അനുയായികളും അത് സമ്മതിക്കുമോ? അങ്ങിനെ ആ സ്വപ്നവും പൊളിഞ്ഞു.

ഏറ്റവും അവസാനം നടത്തുന്ന സഖ്യത്തിനു വേണ്ടിയുള്ള ഉദ്യമം ആണ് കമലാ ഹാസനുമായുള്ളത്. വീട്ടിൽ വിളിച്ചു. കമലാഹാസൻ പഴയ സുഹൃത്താണെ ന്നും പണ്ടേ ഇങ്ങിനെ വരാറുണ്ടെന്നും മുഖ്യ മന്ത്രി ഫേസ് ബുക്കിൽ എഴുതി. അങ്ങിനെ ഒന്ന് ആരും  ഇതുവരെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല. സി.പി.എം. നടത്തുന്ന സെമിനാറിൽ കമലാഹാസനെ വിശിഷ്ടാതിഥി ആയി ക്ഷണിച്ചു.  പക്ഷെ കമലാഹാസൻ ഒഴിവായി. ക്ളൈമാക്സ് ഇതൊന്നുമല്ല. അതാണ് മോദിയെ പ്രകീർത്തിച്ചു കൊണ്ട് കമലാഹാസൻ പറഞ്ഞത്.

Wednesday, September 27, 2017

വയൽക്കിളികൾ

പാർട്ടിക്ക് മേലെ പരുന്തും പറക്കില്ല എന്ന് പറഞ്ഞ പാർട്ടി ഗ്രാമത്തിൽ അതിലും മേലെ ഇതാ 'വയൽക്കിളികൾ' പറന്നു. പാർട്ടി ഗ്രാമം എന്ന് പറഞ്ഞാൽ പാർട്ടിയുടെ തീട്ടൂരങ്ങൾ ആണ് നടപ്പാക്കുന്നത്. പാർട്ടിയുടെ ഉത്തരവുകൾ അലംഘനീയം. ആരും ചോദ്യം ചെയ്യാൻ പാടില്ല. അനുസരിക്കുക അത്ര മാത്രം. അങ്ങിനെയുള്ള ഒരു പാർട്ടി ഗ്രാമത്തിൽ, ശക്തി കേന്ദ്രമായ കണ്ണൂരിലെ  പാർട്ടി ഗ്രാമത്തിൽ മാർക്സിസ്റ്റു  നേതൃത്വത്തിനെതിരായി അണികൾ കലാപം നടത്തുന്നു. ഞെട്ടിത്തെറിച്ച നേതൃത്വം. ജില്ലാ അധ്യക്ഷൻ ജയരാജൻ സമര സഖാക്കളെ കണ്ടു, ഭീഷണി,അനുനയം ഒക്കെ നടത്തി. ഒരു ഫലവുമില്ല. സമരവുമായി സഖാക്കൾ മുന്നോട്ട്.

തളിപ്പറമ്പിലെ നെൽവയലുകളും തെങ്ങും വ്യക്ഷങ്ങളും നിറഞ്ഞ കീഴാറ്റൂർ ഗ്രാമത്തിലെ 250 ഏക്കറോളം പരന്നു കിടക്കുന്ന നെൽവയൽ സംരക്ഷിക്കാനാണ് ജനത ഉയിർത്തെഴുനേറ്റത്.'' വയൽക്കളികൾ'' എന്ന സംഘടന രൂപീകരിച്ചു രാപകൽ സമരം നടത്തുകയാണ്.  കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള പാത വഴി തിരിച്ചു  വിടുന്നത്വ ഇവരുടെ വയലിൻ നടുവിലൂടെ. വയൽ മുഴുവൻ അവർക്കു നഷ്ട്ടമാകും. എന്തിന്നാണ് വഴി മാറ്റി വയലിലൂടെ പോകുന്നത് എന്നാണ് അവരുടെ ചോദ്യം.  9 മീറ്റർ ഉയരത്തിൽ 45 മീറ്റർ വീതിയിൽ നാലര കിലോമീറ്റർ ദൂരം. 

ഇത്രയും മണ്ണിട്ടു നികത്താൻ ഇടിക്കേണ്ട കുന്നുകൾ പാർട്ടി നേതാക്കൾക്കു സ്വന്തം. വിമത ശബ്ദം, പോകട്ടെ ഒരു ശബ്ദം പോലും ഉയരാൻ അനുവദിക്കാതെ കാത്തു സൂഷിക്കുന്ന സ്ഥലങ്ങളാണ് പാർട്ടി ഗ്രാമങ്ങൾ. അടിമത്തത്തിൽ കഴിയുന്ന ജനത. അടിച്ചമർത്തപ്പെട്ട ജനത. അവിടെ നിന്നാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. തളിപ്പറമ്പ തമ്പ്രാക്കൾക്കു എതിരെ. ഇതൊരു തുടക്കം. കേരളത്തിൽ ആഞ്ഞടിക്കാൻ പോകുന്ന സമരങ്ങളുടെ നാന്ദി. 

Tuesday, September 26, 2017

വട്ടിയൂർക്കാവ്

ടി. എൻ. സീമയെ  സി.പി.എം തിരുവനന്തപുരത്തു  വട്ടിയൂർക്കാവിൽ കൊണ്ട്  ഇറക്കിയപ്പോഴേജനങ്ങൾക്ക്  മനസ്സിലായി. സീമയെ കുരുതി കൊടുക്കാനാണ് ഈ കളിയെന്നു. ഒരു വെടിക്ക് രണ്ടു പക്ഷി.  അതായിരുന്നു നേതതൃത്വതിന്റെ ലക്ഷ്യം. സീമയ്ക്കു സീറ്റ് കൊടുത്തതും ആയി. സീമയെ ഒഴിവാക്കാനുള്ള വഴിയും ആയി. അവരുടെ സ്ഥിരം പരിപാടിയായ വോട്ട് മറിച്ചിൽ നടത്തി.

മാർക്സിസ്റ്റുകാർ കെ.മുരളീധരന് വോട്ട് ചെയ്തു സീമയെ തോൽപ്പിച്ചു. എല്ലാവർക്കും അറിയാമായിരുന്ന ഒരു പരസ്യമായ രഹസ്യം. പാവം സീമയും അറിഞ്ഞിരിക്കണം. വോട്ട് ചെയ്യാനായി പണം കുറെ മറിഞ്ഞു എന്നൊരു ആരോപണവും ഉണ്ടായി. പക്ഷെ പാർട്ടി നേതൃത്വം അതെല്ലാം തള്ളിക്കളഞ്ഞു.  ഏതായാലും വട്ടിയൂർക്കാവിൽ നിന്നും ജയിച്ച മുരളീധരൻ ഇപ്പോൾ പര്യസ്യമായി സമ്മതിച്ചിരിക്കുന്നു. മാർക്സിസ്റ്റുകാർ ആണ് മുരളിയെ ജയിപ്പിച്ചത് എന്ന്. കഷ്ട്ടം. ഇത്രയും നാൾ പാർട്ടി പാർട്ടി എന്ന് പറഞ്ഞു പുറകെ നടന്ന പാവം സീമ. പാർട്ടിയിൽ എല്ലാവരുടെയും ഗതി ഇതൊക്കെ തന്നെ. പിണറായി വിജയന് ജയ് വിളിച്ചു വിനീത വിധേയനായി നിൽക്കുക. എന്തെങ്കിലും കിട്ടും. അല്ലെങ്കിൽ പണി കിട്ടും.സീമയുടെ ഗതി തന്നെ. ഇതാണ് മാർക്സിസ്റ്റ് പാർട്ടി. 

Thursday, September 21, 2017

ശിക്ഷ

നട്ടെല്ലുള്ള IAS  ഉദ്യോഗസ്ഥർ  കുറെ എങ്കിലും ഉണ്ടെന്നുളളത് ജനങ്ങൾക്ക് ആശ്വാസകരമാണ്. മൂന്നാർ കൈയേറ്റക്കാർക്കെതിരെ പട പൊരുതിയ  ശ്രീറാം വെങ്കട്ടരാമൻ, ഭക്ഷ്യ വസ്തുക്കളിൽ വിഷം കലർത്തുന്ന നിർമാതാക്കൾ ക്കെതിരെ  പൊരുതിയ  അനുപമ, ജയിലിലെ അഴിമതിക്കെതിരെ പൊരുതിയ  രൂപ IPS  എന്നുള്ള ചുരുക്കം ചിലരെ പ്പോലെ. ഈ കുറ്റവാളികൾക്കെതിരെ മാത്രം പൊരുതിയാൽ പോരാ ഈ ഉദ്യോഗസ്ഥർക്ക്. ഈ കുറ്റവാളികളെ സഹായിക്കുന്ന സർക്കാരിനെതിരെ കൂടി ഇവർക്ക് യുദ്ധം ചെയ്യേണ്ടി ഇരിക്കുന്നു.

ഇവിടത്തെ മിടുക്കൻ കേശവേന്ദ്ര കുമാർ IAS ആണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു റെയിൽവേയിൽ ജോലിക്കു കയറി, BA കറസ്പോണ്ടൻസ് ആയി പഠിച്ചു 22 ആം വയസ്സിൽ IAS കിട്ടിയ ആളാണ് കേശവന്ദ്ര കുമാർ. 

2012 ൽ KSU ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ആയ അദ്ദേഹത്തിന്റെ ഓഫീസിൽ കയറി കരി ഓയിൽ ഒഴിച്ചു. 8 പേരുടെആം പേരിൽ കേസ് എടുത്തു. നാശ നഷ്ട്ടമായ 5.5 ലക്ഷം രൂപ കെട്ടി വച്ച് അവർ ജാമ്യം എടുത്തു. .2015 ൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഇവർക്കെതിരെ ഉള്ള കേസ് പിൻവലിക്കാൻ ഒരു കള്ളക്കളി നടത്തി. അവർക്കു  വേണ്ടിയാണല്ലോ പാവം പിള്ളാര് കോമാളി വേഷം കെട്ടുന്നത്. കേശവേന്ദ്ര കുമാറും IAS അസോസിയേഷനും വഴങ്ങിയില്ല. പിള്ളാര്   സമൂഹ സേവനം നടത്താൻ പറഞ്ഞു കേശവേന്ദ്ര കുമാർ. അങ്ങിനെ മാനസികാരോഗ്യ കേന്ദ്രത്തിലും ആശുപത്രീകളിലും അവർ സേവനം നടത്തി  സൗജന്യ ഭക്ഷണം വിതരണം ചെയ്തു. ഇതൊക്കെ ചെയ്തതായി ഡോക്ടർമാർ സാക്ഷ്യ പത്രം നൽകി. അങ്ങിനെ യാണ് കേസ് പിൻവലിക്കാൻ കേശവേന്ദ്ര  കുമാർ അനുമതി നൽകിയത്. മാതൃകാപരമായ ശിക്ഷ. 

ഈ വിദ്യാർത്ഥികളൊക്കെ സ്വയം ഇറങ്ങിത്തിരിക്കുന്നതല്ല. രാഷ്ട്രീയ നേതാക്കൾ ഇതിനൊക്കെ ഇവരെ പ്രേരിപ്പിക്കുന്നതാണ്.കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന  രാഷ്ട്രീയ നേതാക്കൾക്കും ഇത്തരം ശിക്ഷ നൽകണം.